ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് രോഹിത് ശര്‍മ. നിലയുറപ്പിച്ചാല്‍ രോഹിത്തിനോളം അപകടകരിയായ ബാറ്റര്‍മാര്‍ ക്രിക്കറ്റ് ലോകത്ത് വിരളമാണ്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായും ഇന്ത്യന്‍ ടീമിന്റെ നായകനായും അദ്ദേഹം ഒരുപാട് നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്.
വിരാട് കോഹ്‌ലിക്ക് ശേഷമാണ് അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ മുഴുവന്‍ സമയം നായകനായി ചുമതലയേറ്റത്. 2021ല്‍ നടന്ന ട്വന്റി-20 ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ ഇന്ത്യ പുറത്തായതോടെയാണ് വിരാടിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിയത്. അതിന് മുമ്പ് വിരാട് വിശ്രമമെടുക്കുന്ന പരമ്പരകളിലും ടൂര്‍ണമെന്റുകളിലും രോഹിത് ഇന്ത്യയെ നയിച്ചിരുന്നു.
രോഹിത് വന്നിട്ടും ഇന്ത്യന്‍ ടീമിന് ട്രോഫി ക്ഷാമം മാറിയിട്ടില്ല. അതിന് ശേഷം നടന്ന ഏഷ്യാ കപ്പിലും ട്വന്റി-20 ലോകകപ്പിലും ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ രോഹിത്തിന്റെ കീഴില്‍ തോറ്റിരുന്നു. ഇതിന് ശേഷം രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റണമെന്ന മുറവിളികള്‍ ഒരുപാടുണ്ടായിരുന്നു. എന്നാല്‍ രോഹിത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ സ്പിന്നറായ ഹര്‍ഭജന്‍ സിങ്.