ഇംഗ്ലണ്ടിനെതിരായി ഇന്ത്യ തോറ്റത് ജഴ്‌സിയുടെ കളര്‍ മാറ്റിയത് കൊണ്ടാണെന്നുള്ള പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെതിരെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ജഴ്‌സിയില്‍ രാഷ്ട്രീയം കാണരുതെന്നും ആളുകള്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ഓറഞ്ച് നിറത്തില്‍ പല തവണ ടീം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജഴ്‌സിയില്‍ ഓറഞ്ച് നിറവുമായി ഞാനും കളിച്ചിട്ടുണ്ട്. 2007 ട്വന്റി20 ലോകകപ്പ് ജയിച്ചപ്പോള്‍ ഞങ്ങളെ ‘മെന്‍ ഇന്‍ സ്‌കൈബ്ലൂ’ എന്നാണ് വിളിച്ചിരുന്നത്. ടീമിനെയാണ് പിന്തുണയ്‌ക്കേണ്ടത്. രാഷ്ട്രീയ അജണ്ടകള്‍ക്ക് പിന്നാലെ കൂടരുത്. ഹര്‍ഭജന്‍ പറഞ്ഞു.
ഐ.സി.സി നിയമപ്രകാരമാണ് ഇന്ത്യ ജഴ്‌സി മാറ്റിയതെന്നും ആതിഥേയ രാജ്യത്തിനെതിരെ കളിയ്ക്കുമ്പോള്‍ ജഴ്‌സി മാറ്റണമെന്ന് നിയമമുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയുടെ നിറം മാറ്റത്തിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്നും കാവിവത്ക്കരണമാണ് ഉദ്ദേശമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോല്‍വിക്ക് കാരണം അന്ന് ധരിച്ച ഓറഞ്ച് ജഴ്‌സിയെന്ന് മെഹബൂബ മുഫ്തിയും പറഞ്ഞിരുന്നു. എന്നാല്‍ താന്‍ തമാശ പറഞ്ഞതാണെന്ന് അവര്‍ പിന്നീട് തിരുത്തിയിരുന്നു.
ഐ.സി.സിയുടെ പുതിയ നിയമമനുസരിച്ച് എല്ലാ ടീമുകള്‍ക്കും രണ്ടു ജഴ്സി നിര്‍ബന്ധമാണ്. ഇംഗ്ലണ്ടും ഇന്ത്യയും നിലവില്‍ നീല ജഴ്സിയണിഞ്ഞാണ് കളിക്കുന്നത്. ഇരു ടീമുകളും ഒരുമിച്ച് കളിക്കുമ്പോള്‍ ഒരു ടീം രണ്ടാം ജഴ്സി അണിയേണ്ടതുണ്ട്. ആതിഥേയ രാജ്യമെന്ന നിലയില്‍ ഇംഗ്ലണ്ടിന് അവരുടെ സ്ഥിരം ജഴ്‌സിയില്‍ തന്നെ ഇറങ്ങാനാകും.