| Saturday, 21st October 2023, 7:22 pm

ആധുനിക ഇതിഹാസം, ബാബറടക്കമുള്ളവര്‍ കോഹ്‌ലിയില്‍ നിന്നും പലതും പഠിക്കാനുണ്ട്: ഹര്‍ഭജന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പ് പോരാട്ടം മുറുകുമ്പോഴും താളം കണ്ടെത്താനാവാതെ കുഴങ്ങുകയാണ് പാകിസ്ഥാന്‍. ഓസ്ട്രേലിയയുമായുളള കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാന്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു.

ടോസ് നേടിയ പാകിസ്ഥാന്‍ ഓസീസിനെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ ഡേവിഡ് വാര്‍ണര്‍ 163 (124) റണ്‍സിന്റെയും മിച്ചല്‍ മാര്‍ഷ് 121 (108) റണ്‍സിന്റെയും മികച്ച ഓപ്പണിങ് കൂട്ടുകെട്ടില്‍ 367 റണ്‍സ് പടുത്തുയര്‍ത്തുകയായിരുന്നു. മത്സരത്തില്‍ പാകിസ്ഥാന്‍ 45.3 ഓവറില്‍ 306 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

മത്സരത്തില്‍ പാക് ഓപ്പണേഴ്സ് അബ്ദുള്ള ഷഫീഖ് 64 (61) റണ്‍സും ഇമാം ഉള്‍ ഹഖ് 70 (71) റണ്‍സും എടുത്തു. എന്നാല്‍ നിര്‍ണായകമത്സരത്തില്‍ ടീമിനെ സഹായിക്കാനാവാതെ പാക് നായകന്‍ ബാബര്‍ അസം  14 പന്തില്‍ 18 റണ്‍സിന് പുറത്താവുകയായിരുന്നു.

ഓസിസ് സ്പിന്‍ മാന്ത്രികന്‍ ആദം സാംപയായിരുന്നു ബാബറിന്റെ വിക്കറ്റ് നേടിയത്. തുടര്‍ച്ചയായ രണ്ടാം തോല്‍വിയിലും പാക് നായകന്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. നാല് മത്സരങ്ങളില്‍ നിന്ന് വെറും 83 റണ്‍സ് മാത്രമാണ് ബാബര്‍ നേടിയത്.


ക്രിക്കറ്റ് അനലിസ്റ്റ് വിക്രാന്ത് ഗുപ്തയുടെ പോസ്റ്റില്‍ പാകിസ്ഥാന്റെ ഈ അവസ്ഥയെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് പ്രതികരിച്ചിരുന്നു.

‘പാകിസ്ഥാനുവേണ്ടി ബാബര്‍ അസമിന് ഈ മത്സരം വിജയിക്കണമായിരുന്നു. ഒരു ദശാബ്ദത്തിലേറെയായി വലിയ റണ്‍ ചെയിസുകളില്‍ വിരാട് കോഹ്‌ലി ചെയ്യുന്നത് പോലെ.’ വിക്രാന്ത് ഗുപ്ത എഴുതി.

”ആധുനികകാലത്തെ ഇതിഹാസമാണ് കോഹ്ലി എന്നതില്‍  ഒരു ചോദ്യവുമില്ല. ഏത് സാഹചര്യത്തിലും ഇന്ത്യക്ക് വേണ്ടി റണ്‍സ് നേടി കളി ജയിക്കും. കിങ് കോഹ്‌ലിയില്‍ നിന്നും ബാബറും മറ്റ് പലരും ഒരുപാട് പഠിക്കണം, അതില്‍ ഒരു സംശയവുമില്ല.’ വിക്രാന്ത് ഗുപ്തയ്ക്ക് മറുപടി പോസ്റ്റായി ഹര്‍ഭജന്‍ എഴുതി.

നിലവില്‍ നാല് കളികളില്‍ രണ്ട് വിജയവുമായി അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്‍. ഇന്ത്യയോടും ഓസ്ട്രേലിയയോടുമുള്ള തുടര്‍ച്ചയായ തോല്‍വിയില്‍ നിന്നും കരകയറാന്‍ അടുത്ത കളിയില്‍ അഫ്ഗാനിസ്ഥാനെ ഒക്ടോബര്‍ 23 ന് പാകിസ്ഥാന്‍ നേരിടും. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം0.

Content Highlight: Harbhaajan Singh says Babar Azam shouls learn from Virat Kohli

We use cookies to give you the best possible experience. Learn more