ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് സീസണിലെ തങ്ങളുടെ തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കിയിരുന്നു.
മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ്ങില്‍ യുസ്വേന്ദ്ര ചഹല്‍ മികച്ച പ്രകടനമാണ് നടത്തിയത്. നാല് ഓവറില്‍ വെറും 11 റണ്‍സ് മാത്രം വിട്ടു നല്‍കി മൂന്ന് വിക്കറ്റുകളാണ് ചഹല്‍ നേടിയത്. 2.75 എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.
മുംബൈ താരങ്ങളായ തിലക് വര്‍മ, നായകന്‍ ഹര്‍ദിക് പാണ്ഡ്യ, ജെറാള്‍ഡ് കൊട്‌സീ എന്നിവരെ പുറത്താക്കി കൊണ്ടാണ് ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ കരുത്ത് കാട്ടിയത്. ചഹലിന്റെ ഈ മിന്നും പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പ്രതികരിക്കുകയായിരുന്നു ഹര്‍ഭജന്‍.
ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനൊപ്പം വീണ്ടും കളിക്കുക എന്ന സ്വപ്നം സജീവമായി നിലനിര്‍ത്താന്‍ ചഹലിനോട് ആവശ്യപ്പെടുകയായിരുന്നു ഹര്‍ഭജന്‍ സിങ്.
‘ചഹല്‍ ഒരു ചാമ്പ്യനും ഇന്ത്യയിലെ ഏറ്റവും മികച്ച താരവും ആണ്. ഇനി സ്വയം ഒന്നും തെളിയിക്കേണ്ട ആവശ്യമില്ല. അവന്‍ ഇന്ത്യയ്ക്ക് വേണ്ടി വരാനിരിക്കുന്ന ടി-20 ലോകകപ്പ് നേടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇനിയും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ അവന് സാധിക്കുന്നതിനാല്‍ മികച്ച ഒരു തിരിച്ചുവരവ് എന്ന സ്വപ്നം സജീവമായി നിലനിര്‍ത്താന്‍ ഞാന്‍ അവനോട് അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യയ്ക്കായി ചഹലിനെ ഇനിയും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിക്കും. ഇന്ത്യന്‍ ടീമിലേക്കുള്ള ചഹലിന്റെ തിരിച്ചുവരവിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്,’ ഹര്‍ഭജന്‍ പറഞ്ഞു.
മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 15.3 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ജയത്തോടെ മൂന്നു മത്സരങ്ങളും വിജയിച്ചു കൊണ്ട് ആറു പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും. ഏപ്രില്‍ ആറിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമായാണ് രാജസ്ഥാന്റെ അടുത്ത മത്സരം. റോയല്‍സിന്റെ തട്ടകമായ സവാല്‍ മാന്‍സിങ് സ്റ്റേഡിയമാണ് വേദി.