| Wednesday, 24th April 2024, 10:15 am

ധോണിക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനാവാൻ സഞ്ജുവിന് കഴിയും: ഇന്ത്യൻ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ സീസണില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വം രാജസ്ഥാന്‍ റോയല്‍സ് സ്വപ്നതുല്യമായ കുതിപ്പാണ് നടത്തുന്നത്. നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ഏഴ് ജയവും ഒരു തോല്‍വിയും അടക്കം 14 പോയിന്റോടെ പ്ലേ ഓഫിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ചുകൊണ്ട് മൂന്നോട്ടുവന്നിരിക്കുകയാണ് ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. എം.എസ് ധോണിക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനാവാന്‍ സഞ്ജു സാംസണിന് കഴിയുമെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ഉണ്ടാവണം. സഞ്ജു മികച്ച ക്യാപ്റ്റന്‍ ആണ്. എം.എസ് ധോണിക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ മികച്ച ക്യാപ്റ്റന്‍ ആകാന്‍ സഞ്ജുവിന് സാധിക്കും.

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ മികച്ച രീതിയിലാണ് സഞ്ജു നയിക്കുന്നത്. അവന്‍ കളിക്കളത്തില്‍ വളരെ ശാന്തനാണ്. ആദ്യമത്സരം മുതല്‍ തന്നെ രാജസ്ഥാന് വേണ്ടി മികച്ച തീരുമാനങ്ങളാണ് അവന്‍ കളിക്കളത്തില്‍ പുറത്തെടുക്കുന്നത്. സെലക്ടര്‍മാര്‍ അവനെ ഒരു വിക്കറ്റ് കീപ്പറായി മാത്രമല്ല കാണേണ്ടത്. ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി സഞ്ജുവിനെ വളര്‍ത്തിയെടുക്കണം,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

വരാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഏതെല്ലാം താരങ്ങള്‍ ഇടം നേടും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. റിഷബ് പന്ത്, റിങ്കു സിങ്, സഞ്ജു സാംസണ്‍, ഇഷന്‍ കിഷന്‍, കെ.എല്‍ രാഹുല്‍ തുടങ്ങിയ ഒരുപിടി വമ്പന്‍ താരനിരയാണ് ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ മത്സരിക്കുന്നത്.

അജിത്ത് അഗാര്‍ക്കറിന്റെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി മെയ് ഒന്നിനാണ് ഇന്ത്യന്‍ ടി-20 ലോകകപ്പിനുഉള്ള ടീമിനെ പ്രഖ്യാപിക്കുക. ഏതെല്ലാം താരങ്ങള്‍ ടീമില്‍ ഇടം നേടുമെന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Harbajan Singh praises Sanju Samson

We use cookies to give you the best possible experience. Learn more