ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് മൂന്നാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ ഒന്‍പത് റണ്‍സിന് മുംബൈ പരാജയപ്പെടുത്തിയത്. പഞ്ചാബിന്റെ തട്ടകമായ മഹാരാജ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സിന് പുറത്താവുകയായിരുന്നു.
മത്സരം പരാജയപ്പെട്ടെങ്കിലും പഞ്ചാബിന്റെ ബാറ്റിങ് നിരയില്‍ അശുതോഷ് ശര്‍മ നടത്തിയ പോരാട്ടവീര്യമാണ് ഏറെ ശ്രദ്ധേയമായത്. മൂന്നാം ഓവര്‍ ആയപ്പോഴേക്കും നാല് മുന്‍നിര താരങ്ങളെയാണ് പഞ്ചാബിന് നഷ്ടമായത്.
ഇവിടെനിന്നും ടീമിനെ വിജയത്തിന് തൊട്ടരികില്‍ എത്തിക്കുകയായിരുന്നു അശുതോഷ് ശര്‍മ. 28 പന്തില്‍ 61 റണ്‍സ് നേടിക്കൊണ്ടായിരുന്നു അശുതോഷിന്റെ തകര്‍പ്പന്‍ പ്രകടനം. രണ്ട് ഫോറുകളും ഏഴ് കൂറ്റന്‍ സിക്സുകളുമാണ് താരം അടിച്ചെടുത്തത്. 217.66 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
മത്സരത്തില്‍ മുംബൈ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയെയും ആകാശ് മദ്വളിനെയും അവിശ്വസനീയമായാണ് അശുതോഷ് സിക്‌സ് നേടിയത്. ഇപ്പോഴിതാ അശുതോഷ് നടത്തിയ ഈ തകര്‍പ്പന്‍ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.
അശുതോഷ് അടിച്ച ഷോട്ട് സൗത്ത് ആഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റര്‍ എ.ബി ഡിവില്ലിയേഴ്‌സ് നേടിയ ഷോട്ടുമായാണ് ഹര്‍ഭജന്‍ താരതമ്യം ചെയ്തത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ സ്പിന്നര്‍.
‘എ.ബി ഡിവില്ലിയേഴ്‌സിന്റെ ഷോട്ടുകള്‍ പോലെയുള്ള ആ ഷോട്ട് കളിച്ച രണ്ടാമത്തെ ബാറ്റര്‍ ആണ് അശുതോഷ് ശര്‍മ. വര്‍ഷങ്ങള്‍ക്ക് ശേഷം ഡിവില്ലിയേഴ്‌സിന്റെ ആ ഷോട്ട് അവനിലൂടെ ഞാന്‍ കണ്ടു. മറ്റൊരു താരവും ഇത്തരത്തില്‍ ഷോട്ട് കളിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അശുതോഷ് അത് വളരെ എളുപ്പത്തില്‍ അത് ചെയ്തു കാണിച്ചു. അവന്‍ മികച്ച കഴിവുള്ള താരമാണ്. ഓരോ കളി കഴിയുമ്പോളും അവന്‍ മെച്ചപ്പെടുന്നുണ്ട്; ഹര്‍ഭജന്‍ പറഞ്ഞു.