ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സര പരമ്പര നാളെയാണ് ആരംഭിക്കുന്നത്. ടെസ്റ്റും ഏകദിനവും ട്വന്റി-20 മല്‍സരങ്ങളും അടങ്ങിയ നീണ്ട പരമ്പരയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. നാളെ ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തോടെയാണ് പരമ്പരക്ക് തുടങ്ങുന്നത്.
വിന്‍ഡ്‌സര്‍ പാര്‍ക്കില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായിരിക്കും ഇന്ത്യന്‍ ടീം ശ്രമിക്കുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ ടീം കളത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേറ്റ പരാജയത്തില്‍ നിന്നും കരകയറാനും ലോകകപ്പിനുള്ള തയ്യാറെടുപ്പിലേക്കുള്ള ആദ്യ പടിയായിട്ടായിരിക്കും ഇന്ത്യന്‍ ടീം ഈ പരമ്പരയെ നോക്കികാണുന്നത്.
ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിന്റെ ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഇതിഹാസമായ ഹര്‍ഭജന്‍ സിങ്. ഓള്‍റൗണ്ടര്‍ ഷര്‍ദുല്‍ താക്കുറിനെ അദ്ദേഹം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നുള്ളതാണ് ശ്രദ്ദേയമായ കാര്യം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കായി പൊരുതാനെങ്കിലും ശ്രമിച്ച താരങ്ങളില്‍ ഒരാള്‍ താക്കുറായിരുന്നു.
തന്റെ യുട്യൂബ് ചാനലിലായിരുന്നു ഭാജി അഭിപ്രായം പങ്കുവെച്ചത്. യുവതാരമായ ഇഷന്‍ കിഷന് ടെസ്റ്റ് അരങ്ങേറ്റത്തിന് സാധ്യത കല്‍പിക്കുന്ന പരമ്പരയാണ് നാളെത്തേതെങ്കിലും കിഷനെയും ഭാജി തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
‘ എന്നെ സംബന്ധിച്ചിടത്തോളം രോഹിത്തും ഗില്ലും ഓപ്പണിങ്ങില്‍ തന്നെ തുടരണം, ജെയ്‌സ്വാള്‍ മൂന്നാമത് കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹം അരങ്ങേറുവെന്നും ഒരുപാട് റണ്‍സ് നേടുമെന്നും ഞാന്‍ വിശ്വസിക്കുന്നു. അവന്‍ മികച്ച ഒരു കളിക്കാരനാണ്. നാലാമതും അഞ്ചാമതും വിരാടും രഹാനെയും തന്നെ കളിക്കട്ടെ,’ ഭാജി പറഞ്ഞു.
ഗില്ലിനെ ഓപ്പണിങ്ങില്‍ നിന്നും മാറ്റി നാലാമത് ഇറക്കാന്‍ പറയുന്നവര്‍ക്കെതിരെയും ഭാജി രംഗത്തെത്തിയിരുന്നു. ഗില്‍ ഓപ്പണിങ് പൊസിഷന്‍ അര്‍ഹിക്കുന്നുണ്ടെന്നും ജയ്‌സ്വാല്‍ മൂന്നാമത് കളിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ ജഡേജയാണ് എന്റെ ആറാമന്‍ അശ്വിനും ഭരത്തും ഏഴും എട്ടും സ്ഥാനത്ത് കളിക്കണം. ഒമ്പതാമത് സിറാജും പത്താമനയി ഉനഡ്കട്ടും പതിന്നൊന്നാമനായി മുകേഷ് കുമാറും ഡെബ്യു ചെയ്യട്ടെ എന്നാണ് എന്റെ ആഗ്രഹം,’ ഹര്‍ഭജന്‍ പറഞ്ഞു.