Cricket
സഞ്ജുവിനെ ആദ്യ ഇലവനിൽ തെരഞ്ഞെടുക്കാനുള്ള കാരണം അതാണ്: ഹർഭജൻ സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jun 01, 09:47 am
Saturday, 1st June 2024, 3:17 pm

ഐ.സി.സി ടി-20 ലോകകപ്പാരംഭിക്കാന്‍ ഇനി ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ. വെസ്റ്റ് ഇന്‍ഡീസിലും യു.എസിലുമായി നടക്കുന്ന കുട്ടി ക്രിക്കറ്റിന്റെ പോരാട്ട ഭൂമിയിലേക്ക് കിരീടം ലക്ഷ്യം വെച്ചാണ് രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യന്‍ ടീം എത്തുന്നത്.

ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇപ്പോഴിതാ ഈ ലോകകപ്പില്‍ ഉള്ള തന്റെ ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഗെയിം പ്ലാൻ എന്ന ഷോയിലൂടെയാണ് ഹര്‍ഭജന്‍ തന്റെ അഭിപ്രായം പറഞ്ഞത്.

‘എന്റെ അഭിപ്രായത്തില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാളും ഒപ്പണിങ് ചെയ്യണം. വിരാട് കോഹ്‌ലി മൂന്നാം നമ്പറിലും സൂര്യകുമാര്‍ യാദവ് നാലാം സ്ഥാനത്തും കളിക്കണം. പിന്നീട് സഞ്ജു ഇറങ്ങണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം അവന്‍ വളരെ മികച്ച ഫോമിലാണ് ഇപ്പോള്‍ കളിക്കുന്നത്,’ ഹര്‍ഭജന്‍ പറഞ്ഞു.

ഇന്ത്യന്‍ ഇടംകയ്യൻ സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം യുസ്വേന്ദ്ര ചഹലിനെയാണ് ഹര്‍ഭജന്‍ തെരഞ്ഞെടുത്തത്.

‘ഹര്‍ദിക് പാണ്ഡ്യ ആറാം നമ്പറിലും രവീന്ദ്ര ജഡേജ ഏഴാം നമ്പറിലും കളിക്കണം. കാരണം അവര്‍ മികച്ച ഓള്‍റൗണ്ടര്‍മാരാണ്. എന്റെ അഭിപ്രായത്തില്‍ യുസ്വേന്ദ്ര ചാഹല്‍ സ്പിന്നറായി കളിക്കണം. തുടര്‍ന്ന് മൂന്ന് പേസർമാരായ അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരും ഇറങ്ങണം,’ ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Harbajan Singh pick his T20 World cup Indian squad