പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴില്‍ ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടി-20യും മൂന്ന് ഏകദിനവുമടങ്ങുന്ന പരമ്പരക്കായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ മൂന്ന് ഏകദിന മത്സരങ്ങളും നടക്കും. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രണ്ട് ഫോര്‍മാറ്റിലേയും സ്‌ക്വാഡ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ നിന്നും സഞ്ജു സാംസണ്‍, യുസ്വേന്ദ്ര ചഹല്‍, അഭിഷേക് ശര്‍മ എന്നീ താരങ്ങളെ ഒഴിവാക്കിയതിനെതിരെ പ്രതികരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ഹര്‍ഭജന്‍ പ്രതികരണം രേഖപ്പെടുത്തിയത്.
‘സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ശ്രീലങ്കക്കെതിരെയുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്തത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ പ്രയാസമാണ്,’ ഹര്‍ഭജന്‍ സിങ് എക്സില്‍ കുറിച്ചു.
ഇതിന് മുമ്പ് നടന്ന സിംബാബ്‌വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു അഭിഷേക് ശര്‍മ നടത്തിയത്. ഇന്ത്യക്കൊപ്പം ഉള്ള തന്റെ രണ്ടാം മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിക്കൊണ്ടായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം കരുത്ത് കാട്ടിയത്. എന്നിട്ടുപോലും താരത്തെ ശ്രീലങ്കക്കെതിരെയുള്ള പരമ്പരയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.
ഇന്ത്യക്കൊപ്പം കളിച്ച അവസാന ഏകദിന മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജുവിനും ഏകദിന ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. സൗത്ത് ആഫ്രിക്കെതിരെ 114 പന്തില്‍ 108 റണ്‍സ് കൊണ്ടായിരുന്നു മലയാളി താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.
ടി-20 ലോകകപ്പ് ടീമിന്റെ ഭാഗമാവാന്‍ ചഹലിന് സാധിച്ചിരുന്നുവെങ്കിലും ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ താരത്തിന് അവസരമുണ്ടായിരുന്നില്ല. ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങളില്‍ ഒരാളായിട്ടും ചഹൽ ടീമില്‍ ഇടം നേടാതെ പോയത് ഏറെ ശ്രദ്ധേയമാണ്.
ഇന്ത്യയുടെ ഏകദിന സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍(വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ് ദീപ് സിങ്, റിയാല്‍ പരാഗ്, അക്‌സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിദ് റാണ.
ഇന്ത്യയുടെ ടി-20 സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിങ്കു സിങ്, റിയാല്‍ പരാഗ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയി, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്.
Content Highlight: Harbajan Singh Criticize Indian Team Selection Against Srilanka Series