| Sunday, 3rd September 2023, 9:52 pm

'പട്ടിപണിയാണ്' അതാണ് ഇങ്ങനെയൊക്കെ; ഇന്ത്യന്‍ സൂപ്പര്‍താരത്തിന്റെ പരാജയത്തില്‍ ഹര്‍ബജന്‍ സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യാ-പാകിസ്ഥാന്‍ മത്സരമാണ് മഴ മുടക്കിയത്.

്ഇന്ത്യയുടെ ബാറ്റിങ്ങിന് ശേഷമായിരുന്നു മഴ രസം കൊല്ലിയായി എത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 267 റണ്‍സ് നേടി ഓള്‍ഔട്ടാകുകയായിരുന്നു. അടിതെറ്റിയ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് അഞ്ചാമനായി ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനും വൈസ് ക്യപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുമാണ്. 81 പന്ത് നേരിട്ട് കിഷന്‍ 82 റണ്‍സ് നേടിയപ്പോള്‍ 90 പന്തില്‍ 87 റണ്‍സാണ് ഹര്‍ദിക് സ്വന്തമാക്കിയത്.

നേരത്തെ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ പാക് ബൗളിങ്ങിന് മുമ്പില്‍ അമ്പേ പരാജയമാകുകയായിരുന്നു. ഇന്ത്യന്‍ ഓപ്പണ്‍മാരായ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും തുടക്കത്തില്‍ തന്നെ പതറിയിരുന്നു. പാകിസ്ഥാന്‍ പേസ് ട്രയോ ആയ ഷഹീന്‍ അഫ്രിദി ഹാരിസ് റൗഫ് നസീം ഷാ എന്നിവരുടെ മുമ്പില്‍ ഇരുവരും വിയര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.

32 പന്ത് നേരിട്ട ശുഭ്മന്‍ ഗില്‍ വെറും 10 റണ്‍സ് നേടിയായിരുന്നു പുറത്തായത്. താരത്തിനെതിരെ ഒരുപാട് ട്രോളുകളും വിമര്‍ശനങ്ങളുമുണ്ടായിരുന്നു. അദ്ദേഹം ഫ്‌ളാറ്റ് ട്രാക്ക് ബുള്ളിയാണെന്നും മോശം ബൗളിങ്ങിനെതിരെ മാത്രമെ തിളങ്ങുകയുള്ളു എന്നൊക്കെയായിരുന്നു ആരാധകരുടെ വാദം.

എന്നാല്‍ താരത്തിന്റെ മോശം പ്രകടനത്തിന്റെ കാരണം ഇതൊന്നുമല്ലെന്നും അതിന് പ്രധാന കാരണം ഓവര്‍ ടൈം ഡ്യൂട്ടിയാണെന്നുമാണ് മുന്‍ ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍ ഹര്‍ബജന്‍ സിങ് പറയുന്നത്. ഗില്‍ ഒരുപാട് മത്സരങ്ങള്‍ വിശ്രമമില്ലാതെ കളിക്കുകയാണെന്നും ഐ.പി.എല്ലിന് ശേഷം കളിക്കാര്‍ക്ക് വിശ്രമം അനിവാര്യമാണെന്നും ബാജി പറയുന്നു.

‘എനിക്ക് തോന്നുന്നത് ഇത് കുറച്ച് അമിത ക്രിക്കറ്റ് ആണെന്നാണ്. അവന്‍ കുറച്ച് നാളായി കളിക്കുന്നു. ഗില്ലിന് ഒരു മികച്ച ഐ.പി.എല്‍ ഉണ്ടായിരുന്നു. ഐപി.എല്ലിന് ശേഷം ഓരോ കളിക്കാരനും കുറച്ച് വിശ്രമം ആവശ്യമാണ്, കാരണം ഐ.പി.എല്‍ വളരെ ആരോഗ്യം ആവശ്യപ്പെടുന്ന ടൂര്‍ണമെന്റാണ്,’ ഹര്‍ബജന്‍ പറഞ്ഞു.

ഈ വിശ്രമം ഇല്ലാത്ത തുടര്‍ച്ചായുള്ള ക്രിക്കറ്റ് കാരണമാണ് ഗില്‍ ഇങ്ങനെയെന്നും താരം ക്വാളിറ്റി പ്ലെയാറാണെന്നും ഹര്‍ബജന്‍ പറയുന്നുണ്ട്. അതോടൊപ്പം അദ്ദേഹത്തിന്റെ ടെക്‌നിക്കില്‍ യാതൊരു കുഴപ്പവുമില്ലെന്നും കോണ്‍ഫിഡെന്‍സ് ലഭിച്ചാല്‍ ഗില്‍ മികച്ച ഫോമില്‍ തിരിച്ചെത്തുമെന്നും ബാജി കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ സാങ്കേതികതയില്‍ തെറ്റൊന്നുമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവന്‍ ചെയ്യുന്ന തരത്തിലുള്ള ബാറ്റിങ്ങില്‍ തെറ്റൊന്നുമില്ല. ആത്മവിശ്വാസം അല്‍പ്പം നഷ്ടപ്പെട്ടുവെന്നു മാത്രം. അവന്‍ കുറച്ചുകൂടി സമയം അവന് തന്നെ നല്‍കിയാല്‍, മികച്ച പ്രകടനം നടത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ ഹര്‍ബജന്‍ പറഞ്ഞു.

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ അടുത്ത മത്സരം നേപ്പാളിനോടാണ്. ആ മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ.

Content Highlight: Harbajan Says Gill needs Some Rest

We use cookies to give you the best possible experience. Learn more