| Sunday, 25th August 2024, 4:05 pm

മേലുദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തകന്റെയും പീഡനം; ദളിത് പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: മേലുദ്യോഗസ്ഥന്റെയും മാധ്യമപ്രവര്‍ത്തകന്റെയും മാനസിക പീഡനത്തിനൊടുവില്‍ ദളിത് പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. ഭാന്‍ക്രോട്ട പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ബാബുലാല്‍ ബൈര്‍വയാണ് ആത്മഹത്യ ചെയ്തത്.

മുകുന്ദപുര ഔട്ട് പോസ്റ്റിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു ബൈര്‍വ. ആറ് പേജുള്ള ആത്മഹത്യക്കുറിപ്പിലാണ് അദ്ദേഹം താന്‍ ജീവിതത്തില്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ രേഖപ്പെടുത്തിയത്. പിന്നാലെ സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ദളിത് സംഘടനകള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ പ്രേരണാകുറ്റത്തിന് കേസെടുത്തത്.

അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ജഗദീഷ് വ്യാസ്, അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ അനില്‍ കുമാര്‍ ശര്‍മ, സബ് ഇന്‍സ്‌പെക്ടര്‍ അശുതോഷ്, മാധ്യമപ്രവര്‍ത്തകന്‍ കമല്‍ ദേഗ്ഗ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യ പ്രേരണകുറ്റത്തിന് കേസെടുത്തത്.

പ്രതികള്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 108, 61, 199(എ), 201 എന്നീ വകുപ്പുകള്‍ പ്രകാരം ആത്മഹത്യ പ്രേരണ, ക്രിമിനല്‍ ഗൂഢാലോചന, നിയമത്തിന്റെ നിര്‍ദേശങ്ങള്‍ മനപൂര്‍വം അനുസരിക്കാതിരിക്കുക, തെറ്റായ രേഖ ചമക്കല്‍, എസ്.സി, എസ്.ടി നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകള്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

കഴിഞ്ഞ ഒരു വര്‍ഷമായി മേലുദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകനും ചേര്‍ന്ന് സ്വത്ത് കേസിന്റെ പേരില്‍ പിതാവിനെ പീഡിപ്പിച്ചിരുന്നുവെന്നും ഇത് കടുത്ത മാനസിക സമ്മര്‍ദത്തിന് കാരണമായെന്നും ബൈര്‍ഗയുടെ മകന്‍ പറഞ്ഞു.

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഭാന്‍ക്രോട്ടയിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെയും ബൈര്‍വയേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ വിഷയത്തില്‍ തന്നോട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ബൈര്‍വ കുറിപ്പില്‍ ആവശ്യപ്പെട്ടു.

തന്നെ അപമാനിക്കാന്‍ പ്രതികള്‍ ജാതി അധിക്ഷേപം നടത്തിയെന്നും ഇത് മാനസികമായി വേദനിപ്പിച്ചെന്നും താന്‍ വിഷാദത്തിലായിരുന്നെന്നും ബൈര്‍വ പറഞ്ഞു. തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്നും വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസന്വേഷണം ഊര്‍ജിതമാക്കണമെന്നും സംഭവത്തില്‍ പ്രതിഷേധിച്ചും നിരവധി ദളിത് സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥന് കേസന്വേഷണം കൈമാറിയതായി ജയ്പൂര്‍ പൊലീസ് അറിയിച്ചു.

Content Highlight: harassment of superiors and journalist; dalit constable committed suicide

We use cookies to give you the best possible experience. Learn more