| Friday, 27th December 2024, 6:26 pm

നെതന്യാഹുവിനെതിരായ വഞ്ചനാക്കേസിലെ പ്രധാനസാക്ഷിയെ ഉപദ്രവിച്ചു; ഭാര്യ സാറ നെതന്യാഹുവിനെതിരെ അന്വേഷണത്തിന് ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹുവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് അറ്റോര്‍ണി ജനറല്‍. നെതന്യാഹുവിനെതിരായ അഴിമതിക്കേസിലെ മുഖ്യ സാക്ഷിയെ ഉപദ്രവിച്ചെന്ന ആരോപണത്തിലാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടത്.

അടുത്തിടെ പുറത്തുവിട്ട ‘ഉദ്‌വ’ പ്രോഗ്രാമിന്റെ റിപ്പോര്‍ട്ട് പ്രകാരം അന്വേഷണം നടത്താനാണ് അറ്റോര്‍ണി ജനറല്‍ ഗെയ്ല്‍ ബഹരവ് മിയാര പുറത്തുവിട്ട സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ സന്ദേശത്തില്‍ സാറ നെതന്യാഹുവിന്റെ പേര് നേരിട്ട് പരാമര്‍ശിച്ചിട്ടില്ല.

ഉദ്‌വ പ്രോഗ്രാം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സാറ നെതന്യാഹു തന്റെ ഭര്‍ത്താവിന്റെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും അഴിമതി കേസിലെ പ്രധാന സാക്ഷിയായ ഹഡാസ് ക്‌ളീനിനെ ഭീഷണിപ്പെടുത്താനും ഒരാളെ ഏര്‍പ്പാടാക്കുന്നതിന്റെ വാട്‌സ്അപ്പ് സന്ദേശം പുറത്ത് വന്നിരുന്നു.

നീതിന്യായ മന്ത്രാലയം ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം നെതന്യാഹു പുറത്തുവിട്ട ഒരു വീഡിയോയില് തന്റെ ഭാര്യ ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്ന ഒരു വ്യക്തിയാണെന്നും ഉദ്‌വ റിപ്പോര്‍ട്ട് വെറും കള്ളമാണെന്നും അവകാശപ്പെട്ടിരുന്നു.

‘പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും പുതിയൊരു ഇരയെ കിട്ടിയിരിക്കുകയാണ്. അവര്‍ എന്റെ ഭാര്യക്ക് നേരെ ക്രൂരമായ ആക്രമണം നടത്തുകയാണ്. എല്ലാം തെറ്റായ ആരോപണങ്ങളാണ്. ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ചെടുത്ത വ്യാജ അജണ്ടകളാണിവ.

വഞ്ചന, വിശ്വാസ വഞ്ചന, കൈക്കൂലി വാങ്ങല്‍ എന്നീ കുറ്റങ്ങളാണ് നെതന്യാഹുവിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രബലരായ മാധ്യമ മുതലാളിമാരില്‍ നിന്നും രാജ്യത്തെ സമ്പന്നരില്‍ നിന്നും അനധികൃതമായി ആനൂകൂല്യങ്ങള്‍ കൈപ്പറ്റി എന്നതാണ് നെതന്യാഹുവിനെതിരെ ഉയര്‍ന്ന ആരോപണം. എന്നാല്‍ പ്രോസിക്യൂട്ടര്‍മാരും പൊലീസുകാരും മാധ്യമങ്ങളും തന്നെ മനപൂര്‍വം കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് നെതന്യാഹു നല്‍കുന്ന വിശദീകരണം.

കഴിഞ്ഞ വര്‍ഷം ക്യാന്‍സര്‍ ബാധിച്ച് മരിച്ച മുന്‍ സഹായി ഹാനി ബ്ലെവെയ്സും സാറ നെതന്യാഹുവും തമ്മില്‍ കത്തിടപാടുകള്‍ നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാരെ ആക്രമിക്കാന്‍ നേരിടാന്‍ സാറ പൊലീസിനെ സ്വാധീനിച്ചതായും നെതന്യാഹുവിന്റെ വിമര്‍ശകര്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ബ്ലെവെയ്സിനെ ചുമതലപ്പെടുത്തിയതായും ഈ സന്ദേശങ്ങളില്‍ പറയുന്നുണ്ട്.

മുഖ്യസാക്ഷിയായ ഹഡാസ് ക്ലീനിനെതിരായ പ്രസിദ്ധീകരണങ്ങള്‍ നടത്താന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തണമെന്നും അവര്‍ ബ്ലെവെയ്സിനോട് പറയുന്നുണ്ട്.

ശതകോടീശ്വരനായ ഹോളിവുഡ് മൊഗല്‍ അര്‍നോണ്‍ മില്‍ച്ചന്റെ സഹായിയാണ് ക്ലെയിന്‍. തന്റെ ബോസിനായി നെതന്യാഹുവിന് പതിനായിരക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ഷാംപെയ്ന്‍, മറ്റ് സമ്മാനങ്ങള്‍ എന്നിവ എത്തിച്ചെന്നും ക്ലെയിന്‍ അഴിമതികേസില്‍ നെതന്യാഹുവിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.

അഴിമതിക്കേസിലെ ലീഡ് പ്രോസിക്യൂട്ടര്‍ ലിയത്ത് ബെന്‍ ആരിയുടെയും കുറ്റപത്രം നല്‍കിയ അറ്റോര്‍ണി ജനറലിന്റെയും വീടുകള്‍ക്ക് പുറത്ത് പ്രകടനങ്ങളും പ്രതിഷേധങ്ങളും, സോഷ്യല്‍ മീഡിയ ക്യാമ്പയ്നുകളും സംഘടിപ്പിക്കാനും സാറ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ട്.

വര്‍ഷങ്ങളായി നെതന്യാഹുവിന്റെ വിശ്വസ്തനായിരുന്നു ക്ലെയിന്‍. എന്നാല്‍ അവള്‍ രോഗബാധിതയായിരുന്നപ്പോള്‍, സാറ മോശമായി പെരുമാറിയതിനാല്‍ അവര്‍ നെതന്യാഹുവിന്റെ കുടുംബത്തിനെതിരാവുകയായിരുന്നു.

സാറ നെതന്യാഹു പേഴ്സണല്‍ സ്റ്റാഫിനോട് മോശമായി പെരുമാറി എന്ന് ആരോപണം മുമ്പും ഉയര്‍ന്നിരുന്നു.

Content Highlight: Harassment of key witness in fraud case against Netanyahu; Investigation ordered against his wife Sara Netanyahu

We use cookies to give you the best possible experience. Learn more