മുംബൈ: ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ഇമാമുകള്‍ക്ക് നേരെ സമാന രീതിയില്‍ തീവ്ര ഹിന്ദുത്വ വാദികളുടെ ആക്രമണം. രണ്ടിടങ്ങളിലും ഇമാമുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയിലെ അന്‍വ ഗ്രാമത്തില്‍ നിന്നുള്ള ഒരു ഇമാമിനെ ഖുറാന്‍ വായിക്കുന്നതിനിടെ മുഖം മറച്ചെത്തിയ ഏതാനും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിസമ്മതിച്ചപ്പോള്‍ ഇമാമിന്റെ താടി മുറിച്ചുമാറ്റുകയും ആക്രമിക്കുകയും ചെയ്തു. മാര്‍ച്ച് 24ന് രാത്രി 7:30 ഓടെയാണ് സംഭവം നടന്നത്.
ആക്രമണത്തിനിടയില്‍ രാസവസ്തു കലര്‍ന്ന തുണി ഉപയോഗിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ചുവെന്നും തുടര്‍ന്ന് താന്‍ അബോധാവസ്ഥയിലായെന്നും സംഭവത്തില്‍ ഇമാം പ്രതികരിച്ചു. നിലവില്‍ ഇമാം ഛത്രപതി സംഭാജിനഗറിലെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഐ.പി.സി സെക്ഷന്‍ 452 (അതിക്രമിച്ച് കടക്കല്‍), 323 (ഉപദ്രവം), 34 (പൊതു ഉദേശത്തെ മുന്‍നിര്‍ത്തിയുള്ള കൂട്ടമായ ക്രിമിനല്‍ പ്രവൃത്തി) എന്നിവ പ്രകാരം അജ്ഞാത പ്രതികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.
അതേസമയം ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയില്‍ മുഹമ്മദ് കമ്രാന്‍ എന്ന ഇമാമിനെ ഒരു സംഘം ഹിന്ദുത്വ വാദികള്‍ സമാന രീതിയില്‍ ആക്രമിച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 26നാണ് സംഭവം.
തുടര്‍ന്ന് തന്റെ വീട് ഏതാനും ഇസ്ലാം മതസ്ഥരായ പുരുഷന്മാര്‍ ആക്രമിച്ചുവെന്ന് ആരോപിച്ച് ഒരു സ്ത്രീയെ മുന്‍നിര്‍ത്തി അക്രമികള്‍ പൊലീസില്‍ വ്യാജ പരാതി നല്‍കുകയും ചെയ്തു.
എന്നാല്‍ യു.പി പൊലീസ് തന്റെ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഏകപക്ഷീയമായാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നും കമ്രാന്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളില്‍ ചിലര്‍ ഗ്രാമം വിട്ട് പുറത്തേക്ക് പോയതായും കമ്രാന്‍ സൂചിപ്പിച്ചു.
സംഭവം ചര്‍ച്ചയായതോടെ ഐ.പി.സി സെക്ഷന്‍ 147 (കലാപം), 323 (മുറിവേല്‍പ്പിക്കുക), 504 (സമാധാന ലംഘനം) എന്നിവ പ്രകാരം പ്രതികള്‍ക്കെതിരെ പൊലീസ് കേസ് ചുമത്തി.
Content Highlight: Harassment of Hindutva extremists against imams in UP and Maharashtra