മുംബൈ: ബോളിവുഡിലെ സിനിമാ നിര്‍മാതാവ് സുഭാഷ് ഗായിക്കെതിരെ ലൈംഗിക പീഡന ആരോപണവുമായ നടിയും മോഡലുമായ കേറ്റ് ശര്‍മ്മ. ശനിയാഴ്ച മുംബൈയിലെ വെഴ്സേവ പൊലീസ് സ്റ്റേഷനില്‍ കേറ്റ് ഇത് സംബന്ധിച്ച് പരാതി നല്കി. തന്നോട് വീട്ടില്‍ വരാന്‍ പറയുകയും നിര്‍ബന്ധപൂര്‍വം കെട്ടി പിടിക്കുകയും ചുംബിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
“ആഗസ്റ്റ് ആറിനാണ് പരാതിക്കടിസ്ഥാനമായ സംഭവം നടക്കുന്നത്. അന്നേ ദിവസം സിനിമയുടെ കാര്യം പറയാനെന്ന പേരില്‍ എന്നെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അവിടെ ഏകദേശം ആറോളം ആളുകള്‍ ഉണ്ടായിരുന്നു. അവരുടെ മുന്നില്‍ വെച്ച് തന്നോട് ഗായിക്കിന് മസാജ് ചെയ്ത് കൊടുക്കാന്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ ആഗ്രഹം കേട്ടപ്പോള്‍ ഞാന്‍ ആദ്യം ഞെട്ടിയെങ്കിലും സീനിയര്‍ എന്ന ബഹുമാനം നല്കി ഞാന്‍ അതിന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഏകദേശം രണ്ട് മൂന്ന് മിനിട്ട് വരെ അദ്ദേഹത്തിന് മസാജ് ചെയ്ത് കൊടുത്ത ശേഷം വാഷ് റൂമില്‍ കൈകഴുകാനായി പോയി.
എന്നാല്‍ ഗായിക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് എന്നെ പിന്തുടര്ന്ന് വരികയും കെട്ടി പിടിക്കുകയും ചുംബിക്കുകയും ചെയ്തു. തുടര്‍ന്ന് അസ്വസ്ഥയായ ഞാന്‍ വീട്ടില്‍ പോകണമെന്ന് പറയുകയും എന്നാല്‍ അന്നേ ദിവസം അയാളോടൊപ്പം തങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു”- കേറ്റ് പരാതിയില്‍ പറയുന്നു.
അതേസമയം, നടിയുടെ പരാതി വന്ന ഉടനെ അതൊക്കെ എന്റെ അഭിഭാഷകന് നോക്കിക്കോളും എന്ന് ഗായി ട്വീറ്റ് ചെയ്തു. താന്‍ മീ ടൂവിനെ വളരെയധികം പിന്തുണക്കുന്നുവെന്നും എന്നാല്‍ ചിലര്‍ വെറും പ്രശസ്തിക്ക് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഗായിക്ക് പറഞ്ഞു. തനിക്കെതിരെ അത്തരത്തിലുള്ള ആരോപണം വന്നതില്‍ ഖേദിക്കുന്നുവെന്നും സുഭാഷ് ഗായിക്ക് ട്വീറ്റ് ചെയ്തു.