| Wednesday, 26th July 2023, 8:40 am

ഒന്നും നഷ്ടമായില്ലെന്ന് തെളിയിച്ച് ശ്രീശാന്ത്, തകര്‍ത്തടിച്ച് സഞ്ജുവിന്റെ ചെക്കന്‍; ത്രില്ലിങ് സൂപ്പര്‍ ഓവറില്‍ ഹരാരെ

സ്പോര്‍ട്സ് ഡെസ്‌ക്

സിം-ആഫ്രോ ടി-10 ലീഗിലെ ആവേശകരമായ മാച്ചില്‍ കേപ് ടൗണ്‍ സാംപ് ആര്‍മിയെ പരാജയപ്പെടുത്തി ഹരാരെ ഹറികെയ്ന്‍സ്. സൂപ്പര്‍ ഓവറോളം നീണ്ട മത്സരത്തിലാണ് ഹരാരെ വിജയം പിടിച്ചടക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ കേപ് ടൗണ്‍ ബൗളിങ് തെരഞ്ഞെടുത്തു. ആദ്യ ഓവറില്‍ സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് കയറുന്നതിന് മുമ്പ് തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയ കേപ് ടൗണ്‍ ഹരാരെയെ ഞെട്ടിച്ചു.

ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഷെല്‍ഡന്‍ ക്രോട്‌ലിന്റെ പന്തില്‍ റോബിന്‍ ഉത്തപ്പ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ ഓവറിലെ അവസാന പന്തില്‍ റെഗിസ് ചക്കാബ്‌വയും കോട്രലിനോട് തോറ്റ് പുറത്തായി.

ടീം സ്‌കോര്‍ 11ല്‍ നില്‍ക്കവെ കഴിഞ്ഞ മത്സരത്തില്‍ ഹരാരെയുടെ നെടുംതൂണായ എവിന്‍ ലൂയീസും മടങ്ങി. മൂന്ന് റണ്‍സ് മാത്രമായിരുന്നു ലൂയീസിന്റെ സമ്പാദ്യം.

എന്നാല്‍ നാലാം നമ്പറില്‍ സൂപ്പര്‍ താരം ഡോണാവാന്‍ ഫെരേര എത്തിയതോടെ കളി മാറി. ഒന്നിന് പുറകെ ഒന്ന് എന്ന നിലയില്‍ സിക്‌സറുകള്‍ പറത്തി ഫെരേര കേപ് ടൗണ്‍ ബൗളര്‍മാര്‍ക്ക് മേല്‍ പടര്‍ന്നുകയറി.

ഒരുവശത്ത് ഫെരേരയുടെ വെടിക്കെട്ടില്‍ കാലിടറിയപ്പോള്‍ മറുവശത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ കേപ് ടൗണ്‍ മൊമെന്റം പൂര്‍ണമായും നഷ്ടപ്പെടാതെ സൂക്ഷിച്ചു. ഓയിന്‍ മോര്‍ഗന്‍ (അഞ്ച് പന്തില്‍ മൂന്ന്), മുഹമ്മദ് നബി (നാല് പന്തില്‍ നാല്), സമിത് പട്ടേല്‍ (രണ്ട് പന്തില്‍ ഒന്ന്) എന്നിവര്‍ ഒറ്റയക്കത്തിന് മടങ്ങി.

എന്നാല്‍ 33 പന്തില്‍ ആറ് ബൗണ്ടറിയും എട്ട് സിക്‌സറുമായി രാജസ്ഥാന്‍ റോയല്‍സ് താരം കൂടിയായ ഫെരേര റണ്ണടിച്ചുകൂട്ടിയപ്പോള്‍ ഹരാരെ പത്ത് ഓവറില്‍ ആറ് വിക്കറ്റിന് 115 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേപ് ടൗണിന് വേണ്ടി ആദ്യ വിക്കറ്റില്‍ തന്നെ റഹ്‌മാനുള്ള ഗുര്‍ബാസ് തകര്‍ത്തടിച്ചു. 26 പന്തില്‍ ആറ് സിക്‌സറും രണ്ട് ബൗണ്ടറിയുമായി 56 റണ്‍സാണ് താരം നേടിയത്. ഏഴ് പന്തില്‍ 16 റണ്‍സ് നേടിയ കരീം ജന്നത്തും 12 പന്തില്‍ പത്ത് റണ്‍സ് നേടിയ താഡിവാഷ മരുമാണിയുമാണ് മറ്റ് സ്‌കോറര്‍മാര്‍.

എസ്. ശ്രീശാന്താണ് കരിമിനെ പുറത്താക്കിയത്. അവസാന ഓവറില്‍ വിജയിക്കാന്‍ എട്ട് റണ്‍സ് വേണമെന്നിരിക്കെ ആദ്യ പന്തില്‍ തന്നെ താരം കരീമിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഓവറിലെ അഞ്ചാം പന്തില്‍ സീന്‍ വില്യംസിനെ റണ്‍ ഔട്ടാക്കിയ ശ്രീശാന്താണ്  മത്സരം സമനിലയിലാക്കിയത്.

നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് സാംപ് ആര്‍മി നേടിയത്.

ഒടുവില്‍ സൂപ്പര്‍ ഓവറാണ് വിജയികളെ തീരുമാനിച്ചത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത കേപ് ടൗണ്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി ഏഴ് റണ്‍സ് നേടി.

എട്ട് റണ്‍സ് ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഹരാരെ ബാറ്റര്‍മാര്‍ അഞ്ച് റണ്‍സ് അടിച്ചെടുത്തപ്പോള്‍ മൂന്ന് റണ്‍സ് എക്‌സ്ട്രാ ഇനത്തിലും ലഭിച്ചു. ഇതോടെ ആവേശകരമായ മത്സരത്തില്‍ ഹരാരെ വിജയം സ്വന്തമാക്കുകയായിരുന്നു.

ആറ് മത്സരത്തില്‍ നിന്നും മൂന്ന് ജയവും മൂന്ന് തോല്‍വിയുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഹറികെയ്ന്‍സ്. ഹരാരെയോട് തോറ്റെങ്കിലും ആറ് മത്സരത്തില്‍ നിന്നും നാല് ജയവുമായി കേപ് ടൗണ്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Content Highlight: Harare Hurricanes defeated Cape Town Samp Army

We use cookies to give you the best possible experience. Learn more