2024 ഐ.പി.എല്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകള്‍ ആണ് പ്ലേ ഓഫിന് യോഗ്യത നേടിയത്.
ഇപ്പോഴിതാ ഈ വര്‍ഷത്തെ ഫൈനല്‍ ഏതെല്ലാം ടീമുകള്‍ കളിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ആയിരിക്കും ഫൈനല്‍ കളിക്കുക എന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്.
‘ആര്‍.സി.ബിയും കെ.കെ.ആറും ഫൈനല്‍ കളിക്കും എന്ന് എനിക്ക് തോന്നുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ കോഹ്‌ലിയും ഗംഭീറും മുഖാമുഖം വരും. റോയല്‍ ചലഞ്ചേഴ്‌സിന് ഈ നിമിഷം മുതല്‍ കിരീടം നേടാന്‍ ആകും. മത്സരങ്ങളില്‍ മുന്നോട്ടുപോകാന്‍ അവര്‍ കഠിനമായി പൊരുതി. ഈയൊരു എനര്‍ജിയില്‍ കളിക്കാന്‍ ബെംഗളൂരുവിന് സാധിച്ചാല്‍ അവരെ തടയുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും,’ ഹര്‍ഭജന്‍ സിങ് തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 27 റണ്‍സിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു പ്ലേ ഓഫിലേക്ക് മുന്നേറിയത്. സീസണിലെ ആദ്യ എട്ട് മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രം ഉണ്ടായിരുന്ന ബെംഗളൂരു പിന്നീട് നടന്ന ആറ് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് പ്ലേ ഓഫിന് യോഗ്യത നേടിയത്.
അതേസമയം കൊല്‍ക്കത്ത 13 മത്സരങ്ങളില്‍ നിന്നും ഒമ്പത് മത്സരങ്ങള്‍ വിജയിച്ചു കൊണ്ട് 19 പോയിന്റോടെ ആദ്യമേ പ്ലേ ഓഫിലേക്ക് മുന്നേറിയിരുന്നു.
ഇന്ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്തയുടെ എതിരാളികള്‍ രാജസ്ഥാന്‍ റോയല്‍സ് ആണ്. ഈ മത്സരത്തില്‍ വിജയിച്ചുകൊണ്ട് കൂടുതല്‍ ആത്മവിശ്വാസത്തോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ ആയിരിക്കും ശ്രേയസ് അയ്യരും സംഘവും ലക്ഷ്യമിടുക.
Content Highlight: Harabajan Singh talks the 2024 IPL Finalists