| Sunday, 5th May 2024, 11:36 am

അവൻ കളിക്കളത്തിൽ റൂട്ടിനെയും സ്മിത്തിനെയും പോലെയാണ്: ഹർഭജൻ സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന് നാലാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് വിക്കറ്റുകള്‍ക്കാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്.

റോയല്‍ ചലഞ്ചേഴ്സിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 19.3 ഓവറില്‍ 147 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബെംഗളൂരു 13.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിയുടെ അര്‍ധ സെഞ്ച്വറിയുടെയും വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ബെംഗളൂരു ജയിച്ചു കയറിയത്. 23 പന്തില്‍ 64 റണ്‍സാണ് ഫാഫ് നേടിയത്. 10 ഫോറുകളും മൂന്ന് സിക്സുകളുമാണ് ഫാഫിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

27 പന്തില്‍ 42 റൺസാണ് കോഹ്‌ലി നേടിയത്. രണ്ട് ഫോറുകളും മൂന്ന് സിക്സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇപ്പോഴിതാ വിരാട് കോഹ്‌ലിയുടെ മികച്ച പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.

കോഹ്‌ലിയെ സൂപ്പര്‍താരങ്ങളായ ജോ റൂട്ടുമായും സ്റ്റീവ് സ്മിത്തുമായും താരതമ്യപ്പെടുത്തുകയായിരുന്നു ഹര്‍ഭജന്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘ വിരാട് കോഹ്‌ലി ഒരു ഇതിഹാസതാരമാണ്. കളിക്കളത്തില്‍ റൂട്ടിനെയും സ്മിത്തിനെയും പോലെയാണ് അവന്‍. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ റണ്ണുകളുടെ കാര്യത്തില്‍ ഈ മൂന്ന് ആളുകളും മികച്ച താരങ്ങളാണ്. ക്രിക്കറ്റില്‍ ആരുടെയും മുന്നില്‍ വിരാട് ഒന്നും സ്വയം തെളിയിക്കേണ്ട ആവശ്യമില്ല. കളിക്കളത്തില്‍ അദ്ദേഹത്തിന്റെ സ്‌കോറിങ് മികവ് വളരെ മികച്ചതാണ്,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

ഈ സീസണില്‍ 11 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 542 റണ്‍സാണ് വിരാട് അടിച്ചെടുത്തത്. 67 ആവറേജിലും 148 സ്‌ട്രൈക്ക് റേറ്റിലും ബാറ്റ് വീശിയ വിരാട് ഈ സീസണിലെ റണ്‍വേട്ട ക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. വരും മത്സരങ്ങളിലും കോഹ്‌ലിയുടെ ബാറ്റില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ ഉണ്ടായിരിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content highlight: Harabajan Singh praises Virat Kohli

We use cookies to give you the best possible experience. Learn more