കാബൂള്‍: കശ്മീര്‍ വിഷയത്തില്‍ ഇടപെടാനില്ലെന്ന് താലിബാന്‍ നേതാവ് അനസ് ഹഖാനി. താലിബാന്‍ ഭീകരസംഘടനയായ ഹഖാനി നെറ്റ്‌വര്‍ക്കിന്റെ തലവനായ അനസ് സി.എന്‍.എന്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കശ്മീര്‍ തങ്ങളുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും തങ്ങള്‍ മുന്നോട്ട് വെക്കുന്ന നയങ്ങളുടെ ഭാഗമല്ലെന്നും പറഞ്ഞ അനസ്, തങ്ങള്‍ മുന്നോട്ട് വെക്കുന്ന നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി.
ഇന്ത്യയുമായി നല്ല രീതിയിലുള്ള ബന്ധമാണ് താലിബാന്‍ ആഗ്രഹിക്കുന്നതെന്നും കഴിഞ്ഞ 20 വര്‍ഷക്കാലം തങ്ങളുടെ ശത്രുക്കളെ സഹായിച്ച ഇന്ത്യയോട് എല്ലാം മറന്നുള്ള ബന്ധമാണ് താലിബാന്‍ ആഗ്രഹിക്കുന്നതെന്നും അനസ് ഹഖാനി പറഞ്ഞു.
സോവിയറ്റ്, യു.എസ് സൈന്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്ത ജലാലുദീന്‍ ഹഖാനിയുടെ മകനും ഹഖാനി നെറ്റ്‌വര്‍ക്കിന്റെ തലവനായ സിറാജുദ്ദീന്‍ ഹഖാനിയുടെ സഹോദരനുമാണ് അനസ് ഹഖാനി.
അഫ്ഗാനില്‍ എല്ലാവരും സുരക്ഷിതരാണെന്നും അഫ്ഗാനിലെ മറ്റേത് വിഭാഗം ജനങ്ങളേയും പോലെ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും സുരക്ഷയോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും അനസ് ഹഖാനി കൂട്ടിച്ചേര്‍ത്തു.
2020ലെ കാബൂള്‍ ഗുരുദ്വാരാ ആക്രമണത്തില്‍ അമേരിക്ക ആരോപിക്കുന്നതു പോലെ തങ്ങള്‍ക്ക് പങ്കില്ലെന്നും ഇതെല്ലാം ശത്രുക്കളുടെ പ്രോപ്പഗാണ്ടയാണെന്നും മാധ്യമ സൃഷ്ടികളാണെന്നും ആരോപിച്ച ഹഖാനി മാധ്യമങ്ങളാണ് തങ്ങളുടെ ശത്രുക്കളെന്നും പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ എല്ലാം നിയന്ത്രണ വിധേയമാണെന്നും, പ്രധാന പ്രശ്‌നമായിരുന്ന അമേരിക്ക പൂര്‍ണമായും പിന്‍വലിഞ്ഞതിനാല്‍ ഭരണം കൂടുതല്‍ എളുപ്പമാവുമെന്നും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും ഹഖാനി കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ എല്ലാവരുമായും നല്ല ബന്ധം തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും തങ്ങള്‍ മറ്റുള്ള രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാനാഗ്രഹിക്കുന്നില്ല എന്നും അതുപോലെ മറ്റ് രാജ്യങ്ങള്‍ അഫ്ഗാന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കരുതെന്നും ഹഖാനി സി.എന്‍.എന്‍ ന്യൂസ് 18നോട് പറഞ്ഞു.
ഇക്കഴിഞ്ഞ ആഗസ്റ്റ് 15, 16 തിയതികളിലായാണ് അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതായി താലിബാന്‍ പ്രഖ്യാപിച്ചത്. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റിയിരുന്നു. ഇസ്‌ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.
20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് താലിബാന്‍ ആക്രമണം ശക്തമാക്കിയത്. കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ടാണ് താലിബാന്‍ അഫ്ഗാന്‍ സൈന്യത്തെ തോല്‍പ്പിച്ചുകൊണ്ട് രാജ്യം പിടിച്ചടക്കിയത്.