| Thursday, 21st June 2018, 11:41 pm

ഗോസംരക്ഷകര്‍ മര്‍ദ്ദിച്ചയാളെ റോഡിലൂടെ വലിച്ചുകൊണ്ടു പോയ സംഭവം; മാപ്പപേക്ഷയുമായി ഉത്തര്‍പ്രദേശ് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട ഖാസിമിനെ പൊലീസിന്റെ സാന്നിധ്യത്തില്‍ നാട്ടുകാര്‍ റോഡിലൂടെ വലിച്ചുകൊണ്ടു പോയ സംഭവത്തില്‍ ക്ഷമാപണവുമായി യു.പി പൊലീസ്. ചിത്രത്തിലുള്ള മൂന്നു പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ആംബുലന്‍സ് ഇല്ലാത്തതിനാലാണ് ഇരയെ ഇത്തരത്തില്‍ കൊണ്ടുപോയതെന്നും പൊലീസുകാര്‍ സൂക്ഷ്മത പാലിക്കണമായിരുന്നെന്നും ഡി.ജി.പി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

ഖാസിമിനെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു. ഖാസിമിനെ കൂടാതെ മര്‍ദ്ദനമേറ്റ സമായുദ്ദീന്‍ ചികിത്സയിലാണ്. ഗോസംരക്ഷണത്തിന്റെ പേരില്‍ നടന്ന കൊലപാതകമല്ലെന്നും വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അടിപിടി കൊലപാതകത്തിന് കാരണമായെന്നുമാണ് പൊലീസ് പറഞ്ഞത്.

മര്‍ദ്ദനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിഡിയോ എടുക്കുന്നയാള്‍ ആക്രമണം നിര്‍ത്താനും ഖാസിമിന് വെള്ളം കൊടുക്കാനും ആവശ്യപ്പെടുന്നുണ്ട്. അവനെ ആക്രമിച്ചത് മതിയാക്കൂ. ഇതിന്റെ പരിണതഫലങ്ങള്‍ മനസ്സിലാക്കു എന്നും വിഡിയോ എടുത്തയാള്‍ പറയുന്നുണ്ട്. ഞങ്ങള്‍ രണ്ടു മിനുട്ടിനുള്ളില്‍ എത്തിയില്ലായിരുന്നെങ്കില്‍ ആ പശുവിനെ അറുത്തു കൊല്ലുമായിരുന്നു -ഇതിനിടെ മറ്റൊരാള്‍ പറയുന്നത് കേള്‍ക്കാം. അവന്‍ കശാപ്പുകാരനാണ്. അവന്‍ കാലികളെ കൊല്ലുന്നതെന്തിനാണെന്ന് ആരെങ്കിലും ഒന്ന് ചോദിക്കൂ- മറ്റൊരാള്‍ ആവശ്യപ്പെടുന്നു. ആള്‍ക്കൂട്ടം ചര്‍ച്ച ചെയ്യുന്നതിനിടെ ഖാസിം നിലത്ത് വീഴുന്നുണ്ട്. ഖാസിമിന് വെള്ളം നല്‍കാന്‍ ആരും തയ്യാറായില്ല.

We use cookies to give you the best possible experience. Learn more