ഇടത് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ബി.ജെ.പി എം.പി; യുവതീ പ്രവേശത്തെ എതിര്‍ത്ത് തെരുവിലിറങ്ങുന്ന ബി.ജെ.പി നിലപാടിനോട് യോജിപ്പില്ലെന്നും ഉദിത് രാജ്
Sabarimala women entry
ഇടത് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ബി.ജെ.പി എം.പി; യുവതീ പ്രവേശത്തെ എതിര്‍ത്ത് തെരുവിലിറങ്ങുന്ന ബി.ജെ.പി നിലപാടിനോട് യോജിപ്പില്ലെന്നും ഉദിത് രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd January 2019, 2:20 pm

ന്യൂദല്‍ഹി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെ സ്വാഗതം ചെയ്ത് ബി.ജെ.പി എം.പി ഉദിത് രാജ്.

ദളിതനെന്ന നിലയിലും ഭരണഘടനയില്‍ വിശ്വസിക്കുന്ന വ്യക്തിയെന്ന നിലയിലും ശബരിമലയില്‍ യുവതീ പ്രവേശം നടന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് എം.പി പറഞ്ഞു.

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ അവസരമൊരുക്കിയ ഇടത് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍. ശബരിമല വിഷയത്തിലെ പ്രധാനമന്ത്രിയുടെ നിലപാടിനോടും യുവതീ പ്രവേശത്തെ എതിര്‍ത്ത് തെരുവിലിറങ്ങുന്ന കേരള ബി.ജെ.പിയോടും യോജിക്കാനാവില്ലെന്നും ഉദിത് രാജ് പറഞ്ഞു.

ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ബി.ജെ.പി വലിയ പ്രതിഷേധം നടത്തിക്കൊണ്ടിരിക്കെയാണ് യുവതികള്‍ പ്രവേശിച്ചതിനെ പിന്തുണച്ച് എം.പി രംഗത്തെത്തിയത്. യുവതികള്‍ പ്രവേശിപ്പിച്ചതിനെ പിന്തുണച്ച് ആദ്യമായാണ് ബി.ജെ.പിയുടെ ഒരു എം.പി രംഗത്തെത്തുന്നത്.


ഇത് ചരിത്രം; യുവതീ പ്രവേശനം പ്രധാനപ്പെട്ട മൂവ്‌മെന്റെന്ന് സുനില്‍ പി ഇളയിടം


“” അവര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി എന്നറിഞ്ഞതില്‍ ഏറെ സന്തോഷം. സതി, സ്ത്രീധനം പോലുള്ള അനാചാരങ്ങള്‍ ഇല്ലാതായപോലെ ഇത്തരം അനാചാരങ്ങളും ഇല്ലാതാവണം. പെണ്ണിനെ അശുദ്ധയായി കാണുന്ന എല്ലാ ആചാരങ്ങളും ലംഘിക്കേണ്ടതാണ്. ഒരോ സ്ത്രീകളുടേയും ഗര്‍ഭപാത്രത്തില്‍ നിന്നാണ് ഓരോ മനുഷ്യനും ജന്മം കൊള്ളുന്നതെന്ന വസ്തുത മറന്നുകൂടായെന്നും എം.പി പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് കോഴിക്കോട് മലപ്പുറം സ്വദേശികളായ ബിന്ദുവും കനകദുര്‍ഗയും സന്നിധാനത്തെത്തിയത് 3:45ന് പൊലീസിന്റെ സംരക്ഷണയില്‍ ഇരുവരും ദര്‍ശനം നടത്തുകയായിരുന്നു.

ഇരുവരും സന്നിധാനത്തെത്തുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. മഫ്ടി പോലീസായിരുന്നു ഇവര്‍ക്ക് സുരക്ഷയൊരുക്കിയത്.

ശബരിമലയില്‍ യുവതികള്‍ കയറിയെന്നത് വസ്തുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. യുവതികള്‍ ഇതിന് മുന്‍പും ശബരിമലയില്‍ എത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് തടസങ്ങള്‍ നേരിട്ടതിനാല്‍ നടന്നില്ല. എന്നാല്‍ ഇന്ന് അത്തരം തടസങ്ങളൊന്നും ഉണ്ടായിക്കാണില്ല, അതിനാലാണ് യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.