പാനൂര്‍: പാലത്തായി പീഡനക്കേസില്‍ അന്വേഷണ സംഘത്തെ മാറ്റിയ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം. കോടതി തങ്ങള്‍ നിര്‍ദേശിച്ച ആവശ്യങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചതെന്നും പെണ്‍കുട്ടിയുടെ അമ്മാവന്‍ ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.
ഐ.ജി ശ്രീജത്തിന്റെ അന്വേഷണത്തില്‍ തുടക്കം മുതല്‍ തന്നെ തങ്ങള്‍ക്ക് വിമര്‍ശനമുണ്ടായിരുന്നു. ഇത് തന്നെയാണ് കോടതിയിലും ഉന്നയിച്ചത്. കോടതിയില്‍ പൂര്‍ണമായ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകുകയാണ്.
പെണ്‍കുട്ടിയുടെ അമ്മാവന്‍ ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു. രാഷ്ട്രീയമായ പ്രതികരണങ്ങള്‍ക്ക് ഇപ്പോള്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലത്തായി കേസില്‍ തുടക്കം മുതല്‍ തന്നെ അന്വേഷണ സംഘത്തിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഐ.ജി.ശ്രീജിത്തിനെ മാറ്റണമെന്ന ആവശ്യം പെണ്‍കുട്ടിയുടെ കുടുംബം നിരവധി തവണ ആവര്‍ത്തിച്ചതാണ്.
പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് ഐ.ജി ശ്രീജിത്ത് തുടക്കം മുതല്‍ സ്വീകരിച്ച് വന്നതെന്നായിരുന്നു പരക്കെ ഉയര്‍ന്ന വിമര്‍ശനം.
പാലത്തായി കേസില്‍ പ്രതി പദ്മരാജന് ജാമ്യം നല്‍കിയ നടപടി ഹൈക്കോടതിയും ശരിവെച്ചെങ്കിലും നീതി ലഭിക്കും വരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
പെണ്‍കുട്ടിയ്ക്ക് നേരേ പീഡനം ഉണ്ടായി എന്നതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടായിട്ടും പ്രതിയ്ക്ക് ജാമ്യം നല്‍കിയ വിചാരണ കോടതി നടപടി ശരിയല്ലെന്നായിരുന്നു നേരത്തെ കോടതി തള്ളിയ ഹരജിയില്‍ കുട്ടിയുടെ അമ്മ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബി.ജെ.പി അനുഭാവി ആയതിനാലാണ് ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു അന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചത്
അതേസമയം ഹരജിയില്‍ ക്രൈം ബ്രാഞ്ചിന്റെ നിലപാടും ചര്‍ച്ചയായിരുന്നു. പെണ്‍കുട്ടിയുടെ മാനസികനില ശരിയല്ലെന്നും കുട്ടിയ്ക്ക് കള്ളം പറയുന്ന സ്വഭാവം ഉണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
പെണ്‍കുട്ടിയ്ക്ക് ഭാവനയില്‍ നിന്ന് കാര്യങ്ങള്‍ ഉണ്ടാക്കി അവതരിപ്പിക്കുന്ന ശീലവും ഉണ്ടെന്നായിരുന്നു ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്. സാമൂഹ്യ നീതി വകുപ്പില്‍ നിന്നുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ കണ്ടെത്തലുകളായിരുന്നു ഇതിനടിസ്ഥാനമായി ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയത്.
കുട്ടിയുടെ മൊഴിയും അതിനെ സാധൂകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ഉണ്ടായിരിക്കേ അന്വേഷണസംഘം ഉന്നയിക്കുന്ന ഈ വാദം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് നേരത്തെയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.
കേസ് അന്വേഷണത്തിന്റെ ചുമതല പുതിയ അന്വേഷണ സംഘത്തിന് രണ്ടാഴ്ചക്കകം നല്‍കണമെന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഹൈക്കോടതി ഉത്തരവിട്ടത്.
കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഐ.ജി ശ്രീജിത്തിനാകരുതെന്നും, ഐ.ജി റാങ്കിലുള്ള മറ്റൊരു ഉദ്യോഗസ്ഥന്‍ കേസിന്റെ ചുമതല ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പഴയ അന്വേഷണ സംഘത്തിലെ ആരും പുതിയ അന്വേഷണ സംഘത്തില്‍ ഉണ്ടാകരുത് എന്നതാണ് കോടതിയുടെ മറ്റൊരു നിര്‍ദേശം.
മാര്‍ച്ച് 17 നാണ് ലൈംഗികാതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ കുടുംബം പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പൊലീസിന്റെ തൊട്ടടുത്ത് തന്നെ ഉണ്ടായിട്ടും ബി.ജെ.പി നേതൃത്വമടക്കം പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടും പൊലീസിന് പ്രതിയെ ബുധനാഴ്ച (ഏപ്രില്‍ 15) ഉച്ചവരെ പിടികൂടാനായിരുന്നില്ല.
പാലത്തായിയിലെ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ ബാലികയെ ഇതേ സ്‌കൂളിലെ അധ്യാപകനായ പദ്മരാജന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Happy that IG Sreejith got replaced, says palathai girls family