| Sunday, 5th May 2019, 11:03 am

2014 സംഭവിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടന്‍, അത് കോണ്‍ഗ്രസിനെ ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചു; രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചതായി രാഹുല്‍ ഗാന്ധി. 2014 സംഭവിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും രാഹുല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വെറും 44 സീറ്റുകള്‍ മാത്രമായിരുന്നു ല്ഭിച്ചത്.

നരേന്ദ്ര മോദിക്കെതിരെയുള്ള വികാരം സ്വാഭാവികമായി ഉണ്ടായതല്ലേ? കോണ്‍ഗ്രസിന് അതില്‍ എന്ത് പങ്കാണുള്ളതെന്ന ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയായിരുന്നു രാഹുലിന്‍റെ പ്രസ്താവന.

‘മോദിക്കെതിരായി ജനങ്ങള്‍ക്കിടയില്‍ വികാരമുണ്ടെന്ന വസ്തുത നിങ്ങള്‍ സമ്മതിച്ചല്ലോ. അത് നല്ലത്. എന്നാല്‍ നിങ്ങള്‍ എത്ര സമയം മോദിയെ തുറന്നു കാട്ടുന്നതിനായി ചിലവഴിച്ചു. നിങ്ങള്‍ എത്ര ലാത്തിയടി കൊണ്ടു. ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അതിന് വേണ്ടി മര്‍ദനം ഏറ്റു വാങ്ങിയിട്ടുണ്ട്, കൊല്ലപ്പെട്ടിട്ടുണ്ട്. എന്തിന്, എന്റെ പേരിലുണ്ട് മോദിയും കൂട്ടാളികളും നല്‍കിയ 15-20 കേസുകള്‍. ഞങ്ങള്‍ ഞങ്ങളുടെ പോരാട്ടം നടത്തിയിട്ടുണ്ട്. 2014 സംഭവിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയെ അത് ഒത്തിരി പാഠങ്ങള്‍ പഠിപ്പിച്ചു’- രാഹുല്‍ പറയുന്നു.

താങ്കള്‍ അനുഭവിക്കുന്നതെല്ലാം കുടുംബരാഷ്ട്രീയത്തിന്റെ സ്വാധീനം കാരണമാണെന്ന വിമര്‍ശനം കോണ്‍ഗ്രസിനെതിരെ നിലനില്‍ക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, കഴിഞ്ഞ അഞ്ചു വര്‍ഷം ഞാന്‍ മോദിക്കെതിരെ പോരാടിയത് എന്റെ കുടുംബമഹിമ കൊണ്ടാണെന്നാണോ നിങ്ങള്‍ പറയുന്നതെന്നായിരുന്നു രാഹുലിന്റെ മറുപടി.

‘എന്റെ പ്രകടനം മുന്‍നിര്‍ത്തിയാണ് എന്നെ വിലയിരുത്തേണ്ടത്. എന്റെ പ്രവര്‍ത്തനങ്ങളും ആശയങ്ങളും വെച്ചാണ് എന്നെ വിലയിരുത്തേണ്ടത്. മൂന്ന് വട്ടം ജനങ്ങളാല്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാനെന്ന വസ്തുതയേയും നിങ്ങള്‍ അപമാനിക്കരുത്’- രാഹുല്‍ പറയുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മോദിക്കെതിരെ ഉയര്‍ന്ന ഏറ്റവും ശക്തമായ ചൗകിദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യത്തെക്കുറിച്ചും രാഹുല്‍ ഗാന്ധി അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇൗ മുദ്രാവാക്യം തന്റെ സൃഷ്ടിയല്ലെന്നും മറിച്ച് രാജ്യത്തെ ജനങ്ങളുടെ മുദ്രാവാക്യമാണിതെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്.

‘ഞാന്‍ ഛത്തീസ്ഗഡില്‍ പ്രസംഗിക്കുകയായിരുന്നു. കാവല്‍ക്കാരന്‍ കര്‍ഷകരുടെ ലോണുകള്‍ എഴുതി തള്ളിയിട്ടില്ല, കാവല്‍ക്കാരന്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു, കാവല്‍ക്കാരന്‍ നിങ്ങള്‍ക്ക് 15 ലക്ഷം നല്‍കിയില്ല എന്ന് ഞാന്‍ പ്രസംഗത്തിനിടെ പറയുകയായിരുന്നു. ജനക്കൂട്ടത്തില്‍ കുറെ യുവാക്കള്‍ കൂടി നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ കാവല്‍ക്കാരന്‍ (ചൗകിദാര്‍) എന്ന് പറയുമ്പോള്‍ അവര്‍ കള്ളനാണ് (ചോര്‍ ഹെ) എന്ന് പറയാന്‍ ആരംഭിച്ചു’- രാഹുല്‍ ഗാന്ധി പറയുന്നു.

‘അപ്പോള്‍ ഞാന്‍ അവരോട് ഒരു വട്ടം കൂടെ അത് ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ കാവല്‍ക്കാരന്‍ കള്ളനാണ് (ചൗകിദാര്‍ ചോര്‍ ഹെ) എന്ന് പറഞ്ഞു. ഇത് എന്നില്‍ നിന്നുണ്ടായതല്ല. ഇന്ത്യയിലെ ജനങ്ങളില്‍ നിന്നുണ്ടായ മുദ്രാവാക്യമാണിത്’- മുദ്രാവാക്യം ഉണ്ടായ സാഹചര്യം വിശദീകരിച്ച് രാഹുല്‍ ഗാന്ധി പറയുന്നു.

We use cookies to give you the best possible experience. Learn more