| Friday, 1st November 2024, 4:06 pm

പുഷ്പവല്ലി മുതല്‍ നന്ദിനിവരെ; അമ്പത്തിയൊന്നിന്റെ നിറവില്‍ ഐശ്വര്യ റായി

ഹണി ജേക്കബ്ബ്

ഒന്നൊരുങ്ങി വന്നാല്‍ പെണ്‍കുട്ടികള്‍ കേള്‍ക്കുന്ന സ്ഥിരം വാക്കാണ് ‘ഓ നീ ആരാ ഐശ്വര്യ റായിയോ’ എന്ന്. റെയ്ത ഫാരിയ പൗവല്ലിന് ശേഷം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് ലോകസുന്ദരി പട്ടം കൊണ്ട് വന്നതുമുതലാണ് ഐശ്വര്യയെ ഇന്ത്യ അറിഞ്ഞു തുടങ്ങുന്നത്.

ആര്‍മി ബയോളജിസ്റ്റായ കൃഷ്ണരാജ് റായിയുടെയും വൃന്ദരാജ് റായിയുടെയും മകളായി 1973 നവംബര്‍ ഒന്നിന് മംഗലാപുരത്താണ് ഐശ്വര്യയുടെ ജനനം. അഭിനേത്രി എന്ന നിലയില്‍ അറിയപ്പെടുന്നതിന് മുമ്പ് തന്നെ മോഡലിങ് രംഗത്ത് തിരക്കുള്ള താരമായിരുന്നു ഐശ്വര്യ. 1994 ലെ ലോകസുന്ദരി പട്ടം നേടിയ ശേഷം 1997ല്‍ മണിരത്‌നം ഒരുക്കിയ ‘ഇരുവര്‍’ എന്ന ചിത്രത്തില്‍ കല്പനയായും പുഷ്പവല്ലിയായും അതികിടിലന്‍ പ്രകടനം നടത്തിയാണ് ആഷ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

1998-ല്‍ പുറത്തിറങ്ങിയ ‘ജീന്‍സ്’ ആയിരുന്നു ഐശ്വര്യയുടെ ആദ്യ സൂപ്പര്‍ ഹിറ്റ് സിനിമ. ലോകാത്ഭുതങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിലെ ‘പൂവുക്കുള്‍ ഒളിന്തിരുക്കും കനിക്കൂട്ടം അതിശയം’ എന്ന ഗാനത്തിലെ എട്ടാമത്തെ അത്ഭുതമായാണ് പ്രേക്ഷകര്‍ അന്ന് ആഷിനെ കണ്ടത്. സഞ്ജയ് ലീലാ ബന്‍സാലിയുടെ ‘ഹം ദില്‍ ദേ ചുകേ സനം’ എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡിലേക്ക് ചുവടുവച്ചു. കണ്ണ് ചിമ്മി തുറക്കുന്ന സമയം കൊണ്ടായിരുന്നു പിന്നീട് ആഷിന്റെ വളര്‍ച്ച. ‘ദി ലാസ്റ്റ് ലെജിയന്‍’ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും താരത്തിന്റെ പേര് പതിഞ്ഞു.

ഇന്ത്യയെ പ്രതിനിധീകരിച്ച് രാജ്യാന്തര വേദികളിലെ റെഡ് കാര്‍പ്പറ്റില്‍ താരം തിളങ്ങാറുണ്ട്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഹോളിവുഡ് താരങ്ങളെപോലും സൈഡാക്കിയുള്ള ആഷിന്റെ ഓരോ ലുക്കും കാണാന്‍ ആരാധകവൃന്ദങ്ങള്‍ കാത്തിരിക്കാറുണ്ട്. മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വനാണ് ഐശ്വര്യയുടെ അവസാനമിറങ്ങിയ ചിത്രം.

സൗന്ദര്യം കൊണ്ടുമാത്രമല്ല ഭംഗിയുള്ള വ്യക്തിത്വം കൊണ്ടും ഏവര്‍ക്കും പ്രിയങ്കരിയാണ് ഐശ്വര്യ. എത്ര വഷളന്‍ ചോദ്യങ്ങള്‍ക്കും വായടപ്പിക്കുന്ന മറുപടി കൊടുക്കാന്‍ പ്രത്യേക കഴിവുതന്നെ താരത്തിനുണ്ട്. തന്റെ പതിനെട്ടാം വയസ്സില്‍ തന്നെ ലോകസുന്ദരി പട്ടം നേടി സൗന്ദര്യത്തിന്റെ പെണ്‍രൂപമായി മാറിയ ആളാണ് ഐശ്വര്യ. അന്നുമുതല്‍ ഇന്ന് തന്റെ അമ്പത്തിയൊന്നാം വയസിലും ഐശ്വര്യ റായ് ഐശ്വര്യ റായ് തന്നെയാണ്. അതിന് പകരം വെക്കാന്‍ മറ്റൊരു മുഖം ഉണ്ടായിട്ടില്ല എന്നതാണ് നിജം.

Content Highlight: Happy Birthday Aiswarya Rai

ഹണി ജേക്കബ്ബ്

ഡൂള്‍ന്യൂസില്‍ ട്രെയിനി സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം

We use cookies to give you the best possible experience. Learn more