| Thursday, 31st January 2013, 1:10 pm

സൂര്യനെല്ലി: ഹൈക്കോടതി വിധിയില്‍ അട്ടിമറി നടന്നത് വ്യക്തമായതില്‍ സന്തോഷം: കെ. അജിത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹൈക്കോടതിയില്‍ അട്ടിമറി നടന്നു എന്നത് സുപ്രീം കോടതിക്ക് വ്യക്തമായെന്നതില്‍ സന്തോഷമുണ്ടെന്ന് അന്വേഷി പ്രസിഡന്റ് കെ. അജിത. ചരിത്രപ്രാധാന്യമുള്ള വിധിയാണ് സുപ്രീം കോടതി വിധി.  ഇത് സ്ത്രീ പ്രസ്ഥാനങ്ങള്‍ക്ക് തന്നെ പ്രോത്സാഹനമാണ്.[]

സൂര്യനെല്ലി കേസില്‍ ആദ്യം സ്‌പെഷ്യല്‍ കോടതി മികച്ച വിധിയായിരുന്നു പുറപ്പെടുവിച്ചിരുന്നത്. പിന്നീട് അങ്ങോട്ട് ചെന്ന എല്ലാ കോടതികളിലും കേസ് അട്ടിമറിക്കപ്പെടുകയാണ് ഉണ്ടായത്.

പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ അങ്ങേയറ്റം അപലപനീയമായ കാര്യങ്ങളായിരുന്നു പല കോടതിയും പറഞ്ഞ് കൊണ്ടിരുന്നത്. എന്നാല്‍ അതിനെല്ലാം ഒരു മറുപടിയെന്നോണം സുപ്രീം കോടതി ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നു.

പെണ്‍കുട്ടികളുടെ മാനത്തിന് വിലകല്‍പ്പിച്ചുകൊണ്ടുള്ള വിധിയില്‍ ഏറെ സന്തോഷമാണ് തോന്നുന്നത്. സൂര്യനെല്ലി കേസ് ഇതില്‍ ഒന്ന് മാത്രമാണ്. ഇങ്ങനെ എത്രയോ കേസുകള്‍ കേരളത്തില്‍ നടക്കുന്നുണ്ട്.

പല കേസുകളിലും ഇരകള്‍ വീണ്ടും വീണ്ടും പീഡിപ്പിക്കപ്പെടുകയാണ്. എന്നാല്‍ പ്രതികള്‍ പലരും സൈ്വര്യസ്ഥാനങ്ങളില്‍ ഇപ്പോള്‍ വിഹരിക്കുകയാണ്. ഇതെല്ലാം തെളിയിക്കപ്പെടേണ്ടതുണ്ട്.

സൂര്യനെല്ലി പെണ്‍കുട്ടിക്ക് ഇനിയെങ്കിലും നീതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു അജിത പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more