ഹാനി ബാബുവിന്റെ രോഗം മാറിയെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ബ്രീച്ച് കാന്‍ഡി ആശുപത്രി അധികൃതര്‍ ബോംബെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
രോഗം ഭേദമായതായി ഹാനി ബാബുവിന്റെ അഭിഭാഷകരും കോടതിയെ അറിയിച്ചു. തുടര്‍ ചികിത്സ ആവശ്യമായി വന്നാല്‍ ഹാനി ബാബുവിനെ ജെ.ജെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകണമെന്നും അവിടെ ഇല്ലാത്ത ചികിത്സ ആവശ്യമായി വന്നാല്‍ സ്വകാര്യ ആശുപത്രിയായ ബ്രീച്ച് കാന്റിയില്‍ കൊണ്ടുപോകണമെന്നും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കേണ്ടി വന്നാല്‍ ചെലവ് ഹാനി ബാബു തന്നെ വഹിക്കണമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ ആവശ്യം ജസ്റ്റിസുമാരായ എസ്.എസ്. ഷിന്‍ഡെ, എന്‍.ജെ. ജാമാദാര്‍ എന്നിവര്‍ തള്ളി. ജയില്‍പ്പുള്ളിക്ക് ചികിത്സ ലഭ്യമാക്കല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി ഓര്‍മിപ്പിച്ചു.
ഭാര്യ ജെനി റൊവേനയുടെ ഹരജിയില്‍ ബോംബെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ മേയിലാണ് ഹാനി ബാബുവിനെ സ്വന്തം ചെലവില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനും അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹാനി ബാബുവിനെ 2020 ജൂലൈ 28 നാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുമ്പ് എന്‍.ഐ.എയുടെ മുംബൈ ഓഫീസില്‍ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
ദല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിലെ അധ്യാപകനാണ് ഹാനി ബാബു.
ഭീമാ കൊറെഗാവ് സംഭവവുമായി ബന്ധപ്പെട്ട് 2019 സെപ്റ്റംബറില്‍ മഹാരാഷ്ട്ര പൊലീസ് ഹാനി ബാബുവിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ലാപ്ടോപ് ഉള്‍പ്പടെയുള്ള ഉപകരണങ്ങളും അദ്ദേഹത്തിന്റെ അക്കാദമിക്ക് രേഖകളും പിടിച്ചെടുത്തിരുന്നു.
ലാപ്ടോപിലെ ചില വിവരങ്ങളിലൂടെ ഹാനി ബാബുവിന് മാവോയിസ്റ്റ് ബന്ധമുള്ളതായി കണ്ടെത്തി എന്നാണ് എന്‍.ഐ.എ അവകാശപ്പെടുന്നത്. മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന ഭീമ കൊറേഗാവ് കേസിന്റെ അന്വേഷണം പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
ഇന്ത്യയിലെ അറിയപ്പെടുന്ന ബുദ്ധിജീവികളും അഭിഭാഷകരും അധ്യാപകരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാമായ നിരവധി പേര്‍ കേസില്‍ മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് ഇതിനകം അറസ്റ്റിലായിട്ടുണ്ട്.