ഹാനിബാബുവിന് നീതി നിഷേധിക്കരുത്; രാഷ്ട്രപതിയ്ക്ക് എം.പിമാരുടെ കത്ത്
UAPA
ഹാനിബാബുവിന് നീതി നിഷേധിക്കരുത്; രാഷ്ട്രപതിയ്ക്ക് എം.പിമാരുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd October 2020, 6:01 pm

ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാല അധ്യാപകന്‍ ഡോ. ഹാനി ബാബു അടക്കമുള്ളവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ എം.പിമാര്‍. അക്കാദമിക് ചിന്തകന്മാര്‍ക്കെതിരെയടക്കം നടക്കുന്ന ഇത്തരം നീക്കങ്ങള്‍ തടയണമെന്ന് എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, എളമരം കരീം, ബിനോയ് വിശ്വം, പി.വി. അബ്ദുല്‍ വഹാബ്, നവാസ് കനി എന്നിവര്‍ ആവശ്യപ്പെട്ടു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ക്ക് ഇക്കാര്യമാവശ്യപ്പെട്ട് എം.പിമാര്‍ കത്തയച്ചു.

കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെതിരെയുള്ള ഭരണകൂട വേട്ടയാണ് ഭീമ കൊറേഗാവ് കേസന്വേഷണത്തിന്റെ പേരില്‍ നടക്കുന്നതെന്ന്  ലീഗ് എം.പിമാര്‍ പറഞ്ഞു. സാമൂഹികനീതിക്കായുള്ള പോരാട്ടത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഡോ. ഹാനി ബാബു അടക്കമുള്ളവര്‍ക്കെതിരെ നടക്കുന്ന നീക്കം സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി.

എക്കാലത്തും വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കിയിട്ടുള്ള രാജ്യമാണ് ഇന്ത്യയെന്നും അക്കാദമിക് ചിന്തകന്മാര്‍ക്കെതിരെയടക്കം നടക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ രാഷ്ട്രത്തലവനെന്ന നിലയില്‍ രാഷ്ട്രപതി ഇടപെടണമെന്നും ലീഗ് എം.പിമാര്‍ ആവശ്യപ്പെട്ടു.

ഭീമ കൊറേഗാവ് സംഭവത്തില്‍ ആര്‍.എസ്.എസ് അനുബന്ധ സംഘടനകളില്‍പ്പെട്ടവര്‍ക്ക് അതിവേഗം ജാമ്യം ലഭിച്ചുവെന്നത് വിഷയത്തിലെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് സി.പി.ഐ.എം എം.പി എളമരം കരീം പറഞ്ഞു. വ്യക്തികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് മേല്‍ കത്തിവെക്കുന്നത് നോക്കിനില്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെതിരായ വേട്ട അവസാനിപ്പിക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്ന് സി.പി.ഐ എം.പി ബിനോയ് വിശ്വം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hany Babu Release Elamaram Kareem PK Kunjalikutty Binoy Viswam ET Muhammed Basheer