| Wednesday, 19th May 2021, 3:28 pm

ഹാനി ബാബുവിന് ബ്ലാക്ക് ഫംഗസ് ബാധിച്ചിരിക്കുകയാണെന്ന് കുടുംബം; ആശുപത്രി അധികൃതരോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചിട്ടുണ്ടെന്ന് ഹരജിയില്‍ കുടുംബം. കഴിഞ്ഞ ആഴ്ച കൊവിഡ് സ്ഥിരീകരിച്ച ഹാനി ബാബുവിന് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് അദ്ദേഹത്തിന് ബ്ലാക്ക് ഫംഗസ് ബാധിച്ചിട്ടുണ്ടെന്ന് പറയുന്നത്.

ഹാനി ബാബുവിന്റെ കണ്ണിനുണ്ടായിരിക്കുന്ന അണുബാധ ബ്ലാക്ക് ഫംഗസ് രോഗത്തിന്റെ ഭാഗമാണെന്ന് അഭിഭാഷകന്‍ അറിയിച്ചു. കൊവിഡ് 19 ബാധിച്ച നിരവധി പേരില്‍ ബ്ലാക്ക് ഫംഗസ് രോഗവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

‘ഹാനി ബാബുവിന് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കണ്ണിലെ അണുബാധ ബ്ലാക്ക് ഫംഗസ് രോഗത്തിന്റെ ഭാഗമാണ്. രോഗം ബാധിച്ച ശേഷവും ഒമ്പത് ദിവസം അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടി വന്നു. ഇപ്പോള്‍ മുംബൈയിലെ ജി.ടി ആശുപത്രിയിലാണ് ഹാനി ബാബുവുള്ളത്.

നിലവില്‍ കൊവിഡ് 19ന് മാത്രമുള്ള ചികിത്സയാണ് അദ്ദേഹത്തിന് നല്‍കുന്നത്. കണ്ണിലെ അണുബാധക്കുള്ള ചികിത്സ ഇതുവരെയും നല്‍കിയിട്ടില്ല. മതിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ അദ്ദേഹത്തിന് കാഴ്ച ശക്തി നഷ്ടപ്പെടും. ഹാനി ബാബു ഒരു പ്രൊഫസറാണ്,’ അഭിഭാഷകന്‍ പറഞ്ഞു.

വിര്‍ച്വല്‍ മീറ്റിംഗ് വഴിയാണ് മുംബൈ കോടതി ഹരജി പരിഗണിക്കുന്നത്. വാദം നടക്കുമ്പോള്‍ ജി.ടി ആശുപത്രി ഡീനിനോട് ഹാജരാകാനും കോടതി അറിയിച്ചിട്ടുണ്ട്.

ഹാനി ബാബുവിനെ ബാധിച്ചിരിക്കുന്ന ബ്ലാക്ക് ഫംഗസ് രോഗബാധയെ കുറിച്ച് കുടുംബവും വിവരങ്ങള്‍ പങ്കുവെച്ചു. മെയ് മൂന്നിന് ഹാനി ബാബുവിന് ഇടതു കണ്ണില്‍ നീര് വരുകയും പിന്നീട് അത് ഡബിള്‍ വിഷനിലേക്കും വലിയ വേദനയിലേക്കും മാറുകയായിരുന്നെന്നും കുടുംബം പറയുന്നു.

മെയ് 11 ആയപ്പോഴേക്കും ഹാനി ബാബുവിന് നീര് കൂടുകയും ഇടതു കണ്ണുപയോഗിച്ച് കാണാന്‍ പറ്റാത്ത സ്ഥിതിയാവുകയും ചെയ്തു. അതേ സമയം തന്നെ കവിളിലേക്ക് പഴുപ്പ് പടരാന്‍ തുടങ്ങിയിരുന്നെന്നും കുടുംബം പറയുന്നു.

ആദ്യ രോഗലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ തന്നെ ഡോക്ടറെ കാണാന്‍ അനുവദിക്കണമെന്ന് ഹാനി ബാബു ജയില്‍ അധികൃതരോട് പറഞ്ഞിരുന്നെങ്കിലും എസ്‌കോര്‍ട്ട് പോകാന്‍ പൊലീസില്ലെന്ന് പറഞ്ഞ് ചികിത്സക്കുള്ള അവസരം നിഷേധിക്കുകയായിരുന്നെന്നും കുടുംബം വെളിപ്പെടുത്തി.

പിന്നീട് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ നിരവധി തവണ അധികൃതരോട് അഭ്യര്‍ത്ഥിച്ച ശേഷമാണ് മെയ് 13ന് ഹാനി ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ തയ്യാറായതെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.

മ്യൂക്കര്‍ എന്ന വിഭാഗം ഫംഗസുകള്‍ മൂലമുണ്ടാകുന്ന ഫംഗസ് അണുബാധയാണ് മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം. മുഖം, മൂക്ക്, കണ്ണ്, തലച്ചോര്‍ എന്നിവയെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധ കാഴ്ച നഷ്ടപ്പെടല്‍, മൂക്ക്, താടിയെല്ല് എന്നിവ നീക്കം ചെയ്യേണ്ട അവസ്ഥ എന്നിവയ്ക്ക് കാരണമായേക്കാം.

പലപ്പോഴും തലച്ചോറിലേക്ക് ഫംഗസ് ബാധ പടര്‍ന്നാല്‍ രക്തം കട്ടയാവുകയും മരണം സംഭവിക്കുകയും ചെയ്യും, അല്ലെങ്കില്‍ രോഗ പ്രതിരോധ ശേഷി കുറഞ്ഞ് മരണം സംഭവിക്കാനും സാധ്യതയുണ്ട്.

ദല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിലെ അധ്യാപകനാണ് ഹാനി ബാബു. അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ ഹാനി ബാബുവിനെ 2020 ജൂലൈ 28 നാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുമ്പ് എന്‍.ഐ.എയുടെ മുംബൈ ഓഫീസില്‍ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

ഭീമാ കൊറെഗാവ് സംഭവവുമായി ബന്ധപ്പെട്ട് 2019 സെപ്റ്റംബറില്‍ മഹാരാഷ്ട്ര പൊലീസ് ഹാനി ബാബുവിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ലാപ്ടോപ് ഉള്‍പ്പടെയുള്ള ഉപകരണങ്ങളും അദ്ദേഹത്തിന്റെ അക്കാദമിക്ക് രേഖകളും പിടിച്ചെടുത്തിരുന്നു.

ലാപ്ടോപിലെ ചില വിവരങ്ങളിലൂടെ ഹാനി ബാബുവിന് മാവോയിസ്റ്റ് ബന്ധമുള്ളതായി കണ്ടെത്തി എന്നാണ് എന്‍.ഐ.എ അവകാശപ്പെടുന്നത്. മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന ഭീമ കൊറേഗാവ് കേസിന്റെ അന്വേഷണം പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.

ഇന്ത്യയിലെ അറിയപ്പെടുന്ന ബുദ്ധിജീവികളും അഭിഭാഷകരും അധ്യാപകരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാമായ നിരവധി പേര്‍ കേസില്‍ മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Hany Babu infected with black fungus says family, Bhima Koregaon case

We use cookies to give you the best possible experience. Learn more