| Saturday, 23rd November 2024, 8:32 am

അമേരിക്കയിലെ ഏറ്റവും വലിയ സംഗീത മാമാങ്കം കോച്ചെല്ലയില്‍ പൊന്നാനിക്കാരന്‍ ഹനുമാന്‍കൈന്‍ഡും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബിഗ് ഡോഗ്‌സ് എന്ന വൈറല്‍ ഹിറ്റിലൂടെ ഈ വര്‍ഷം ആഗോള പ്രശസ്തി നേടിയ മലയാളി റാപ്പര്‍ ഹനുമാന്‍കൈഡ് തന്റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി ചേര്‍ത്തു. പ്രശസ്തമായ കോച്ചെല്ല സംഗീത കലോത്സവത്തില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാകും അദ്ദേഹം. കോച്ചെല്ല 2024ല്‍ അവതരിപ്പിച്ച പഞ്ചാബി ഗായകന്‍ ദില്‍ജിത് ദോസഞ്ജിന്റെയും എ.പി ധില്ലന്റെയും പാതയാണ് ഹനുമാന്‍കൈന്‍ഡ് പിന്തുടരുന്നത്.

ബുധനാഴ്ച കോച്ചെല്ല 2025 സംഘാടകര്‍ ഈ വര്‍ഷത്തെ ഫെസ്റ്റിവലിന്റെ ലൈനപ്പ് പ്രഖ്യാപിച്ചിരുന്നു. ലേഡി ഗാഗയും ഗ്രീന്‍ ഡേയും പോസ്റ്റ് മലോണും പരിപാടിയുടെ പ്രധാന ആകര്ഷണമായിരിക്കുമെന്നും ട്രാവിസ് സ്‌കോട്ട് വക പെര്‍ഫോമന്‍സ് ഉണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.

ഇലക്ട്രോണിക് മ്യൂസിക് ബാന്‍ഡ് ഇന്‍ഡോ വെയര്‍ഹൗസാണ് ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു സംഘം. ഏപ്രില്‍ 11-13 തീയതികളിലും 18-20 തീയതികളിലും നടക്കുന്ന ഫെസ്റ്റിന്റെ 24-ാം എഡിഷനില്‍ ലേഡി ഗാഗ, ഗ്രീന്‍ഡേ, പോസ്റ്റ് മെലോണ്‍, ട്രാവിസ് സ്‌കോട്ട് തുടങ്ങിയ കലാകാരന്‍മാരും പങ്കെടുക്കും.

കേരളത്തിലെ പൊന്നാനിയില്‍ ജനിച്ച് അമേരിക്കയില്‍ വളര്‍ന്ന റാപ്പറാണ് ഹനുമാന്‍കൈന്‍ഡ് എന്ന സ്റ്റേജ് നാമത്തില്‍ അറിയപ്പെടുന്ന സൂരജ് ചെറുകാട്. ബെംഗളുരു ആസ്ഥാനമായുള്ള ഈ റാപ്പറുടെ ട്രാക്കായ ബിഗ് ഡോഗ്‌സ് ഇന്റര്‍നെറ്റില്‍ സെന്‍സേഷനാണ്. മരണകിണറിന്റെ ചുവരില്‍ ചിത്രീകരിച്ച ബിഗ് ഡോഗ്‌സ് എന്ന ഗാനം യൂട്യൂബില്‍ 168 മില്യണിലധികം കാഴ്ചക്കാരുമായി അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധപിടിച്ച് പറ്റിയിട്ടുണ്ട്.

അമേരിക്കയിലെ കൊളറാഡോ മരുഭൂമിയിലെ കോച്ചെല്ല താഴ്വരയിലെ എംപയര്‍ പോളോ ക്ലബ്ബില്‍ നടക്കുന്ന ഒരു വാര്‍ഷിക സംഗീത കലാമേളയാണ് കോച്ചെല്ല (കോച്ചെല്ല വാലി മ്യൂസിക് ആന്‍ഡ് ആര്‍ട്സ് ഫെസ്റ്റിവല്‍ എന്നും ചിലപ്പോള്‍ കോച്ചെല്ല ഫെസ്റ്റിവല്‍ എന്നും അറിയപ്പെടുന്നു). 1999ല്‍ പോള്‍ ടോലെറ്റും റിക്ക് വാന്‍ സാന്റനും ചേര്‍ന്നാണ് ഇത് സ്ഥാപിച്ചത്. എ.ഇ.ജി പ്രസന്റുകളുടെ അനുബന്ധ സ്ഥാപനമായ ഗോള്‍ഡന്‍വോയ്സാണ് കോച്ചെല്ല സംഘടിപ്പിക്കുന്നത്.

Content Highlight: Hanumankind set to perform at Coachella

We use cookies to give you the best possible experience. Learn more