ന്യൂദല്‍ഹി: ഹനുമാന്‍ ദളിതനാണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഹനുമാന്‍ മുസ്‌ലിം ആണെന്ന പ്രസ്താവനയുമായി ബി.ജെ.പി നേതാവ്. ബി.ജെ.പിയുടെ നിയമസഭാ കൗണ്‍സില്‍ അംഗം ബുക്കാല്‍ നവാബ് ആണ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്.
ഹനുമാന്‍ ഒരു മുസ്ലിം ആണെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും അതുകൊണ്ടാണ് മുസ്ലിങ്ങളുടെ പേര് മുഴുവന്‍ ഹനുമാന്റെ പേരില്‍ നിന്നും ഉരുത്തിരിഞ്ഞതാണെന്നും ബുക്കാല്‍ നവാബ് പറഞ്ഞു. റഹ്മാന്‍, റമസാന്‍, ഫര്‍മാന്‍, ഖുര്‍ബാന്‍ എന്നിങ്ങനെയുളള പേരുകള്‍ ഉദ്ധരിച്ചായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം.
യോഗിയുടെ ഹനുമാന്‍ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് ഹനുമാന്‍ ദളിതനാണെന്ന് യോഗി ആദിത്യനാഥ് പ്രസംഗിച്ചത്. “ഹനുമാന്‍ ഒരു ആദിവാസിയായിരുന്നു. അദ്ദേഹം വനത്തിലായിരുന്നു ഒറ്റപ്പെട്ട് താമസിച്ചിരുന്നത്. ഇന്ത്യയിലെ എല്ലാ സമുദായക്കാരേയും ഒന്നിച്ച് നിര്‍ത്താന്‍ ഹനുമാന്‍ പ്രയത്‌നിച്ചു. ശ്രീരാമന്റെ ആഗ്രഹമായിരുന്നു ഇതെന്നത് കൊണ്ട് അദ്ദേഹത്തിന് അതില്‍ നിര്‍ബന്ധം ഉണ്ടായിരുന്നു. അദ്ദേഹത്തെ പോലെ ഈ ആഗ്രഹം നടപ്പിലാക്കും വരെ നമ്മള്‍ വിശ്രമിക്കാന്‍ പാടില്ല”. എന്നായിരുന്നു ആദിത്യനാഥ് പ്രസംഗിച്ചത്.
രാമഭക്തന്മാര്‍ എല്ലാവരും ബി.ജെ.പിക്ക് വേണ്ടി വോട്ട് ചെയ്യുമ്പോള്‍ രാവണ ഭക്തന്മാര്‍ മാത്രമാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.