| Saturday, 5th September 2015, 12:41 pm

രാമായണത്തെക്കുറിച്ചെഴുതിയതിന് എം.എം. ബഷീറിന് ഹിന്ദുമൗലികവാദികളുടെ ഭീഷണി, തെറിവിളി

ഡൂള്‍ന്യൂസ് ഡെസ്‌ക്


മാതൃഭൂമി പത്രത്തില്‍ രാമായണത്തെക്കുറിച്ച് കോളമെഴുതിയതിന്റെ പേരില്‍ പ്രശസ്ത സാഹിത്യകാരനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ മലയാളം അദ്ധ്യാപകനുമായ എം.എം. ബഷീറിന് ഹിന്ദുമൗലികവാദികളുടെ തെറിവിളിയും ഭീഷണിയും. രാമായണ മാസാചരണത്തിന്റെ ഭാഗമായി മാതൃഭൂമി ദിനപ്പത്രത്തില്‍ അദ്ദേഹമെഴുതിയ “രാമായണം ജീവിതസാരാമൃതം” എന്ന കോളം രാമായണകഥയെയും കഥാപാത്രങ്ങളെയും വികലമാക്കി ചിത്രീകരിക്കുന്നു എന്നാരോപിച്ചാണ് ഹനുമാന്‍ സേന, ആര്‍.എസ്.എസ് തുടങ്ങിയ ഹിന്ദുത്വവാദികള്‍ ബഷീറിനെതിരെ തിരിഞ്ഞത്.

എതിര്‍പ്പിന്റെ ഭാഗമായി മാതൃഭൂമിയുടെ കോഴിക്കോട് ഓഫീസീനു മുന്നില്‍ പത്രം കത്തിച്ചുകൊണ്ട് ഹനുമാന്‍ സേന പ്രതിഷേധിച്ചിരുന്നു. തുടര്‍ച്ചയായി ഭീഷണി സന്ദേശങ്ങള്‍ വരാന്‍ തുടങ്ങിയതോടെ കോളം നിര്‍ത്താനും അദ്ദേഹം നിര്‍ബന്ധിതനായി.

ആഗസ്റ്റ് 3 മുതല്‍ 7 വരെയായിരുന്നു ബഷീര്‍ കോളമെഴുതിയത്. ഇതിനുമുമ്പും ശേഷവും മറ്റു പലരും കോളം കൈകാര്യം ചെയ്‌തെങ്കിലും യാതൊരു എതിര്‍പ്പും ഉണ്ടായിരുന്നില്ല. തന്നെ ഒരു മുസ്‌ലീം മാത്രമായി വിലകുറച്ചുകണ്ടതിനാലാണ് ഈ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നതെന്ന് എം.എം. ബഷീര്‍ പറഞ്ഞു. ഫോണിലൂടെ തെറിപറഞ്ഞവര്‍ തന്റെ വിശദീകരണങ്ങള്‍ക്ക്‌ ചെവിനല്‍കിയില്ല എന്നും അദ്ദേഹം പറയുന്നു.

താനെഴുതിയത് വാത്മീകിയുടെ രാമായണത്തെക്കുറിച്ചാണെന്നും അത് രാമനെ സാധാരണ മനുഷ്യനുള്ള എല്ലാ ദൗര്‍ബല്യങ്ങളോടെയുമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ എഴുത്തച്ഛനടക്കമുള്ള കവികള്‍ രാമനെ ദൈവമായി പ്രതിഷ്ഠിക്കുകയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രാമനിലെ പച്ചമനുഷ്യനെയും, സീതയിലെ നിസ്സഹായ സ്ത്രീയെയും, ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ സങ്കീര്‍ണ്ണതകളെയും  അനാവരണം ചെയ്യാനായിരുന്നു അദ്ദേഹം കോളത്തിലൂടെ ശ്രമിച്ചത്.

നിരന്തരമായി തെറിവിളികള്‍ വന്നതോടെ ഫോണെടുക്കാന്‍ മടിക്കുന്ന അദ്ദേഹം ഞങ്ങള്‍ പലതവണ ബന്ധപ്പെട്ടപ്പോഴും ഫോണെടുക്കാന്‍ തയ്യാറായില്ല. കന്നഡ സാഹിത്യകാരനും പുരോഗമനവാദിയുമായിരുന്ന എം.എം. കല്‍ബുര്‍ഗിയെ കഴിഞ്ഞയാഴ്ച ഹിന്ദുമൗലികവാദികള്‍ വെടിവച്ച് കൊലപ്പെടുത്തിയതും, ഇപ്പോള്‍ ഇവിടെ എം.എം. ബഷീറിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളും ഹൈന്ദവ ഫാസിസ്റ്റുകള്‍ നടത്തുന്ന കാവിവല്‍ക്കരണത്തിന്റെ പ്രത്യക്ഷകാഴ്ചകള്‍ തന്നെയായാണ് വലയിരുത്തപ്പെടുന്നത്.

We use cookies to give you the best possible experience. Learn more