|

കോഴിക്കോട്ട് 'എമ്പുരാനെ കത്തിക്കു'മെന്ന് ഹനുമാന്‍ സേനയുടെ ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എമ്പുരാനെ കത്തിക്കുമെന്ന ഭീഷണിയുമായി ഹനുമാന്‍ സേന. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടേതാണ് ഭീഷണി. ഞായറാഴ്ച വൈകുന്നേരം 5.30ന് കോഴിക്കോട് പാളയത്തെ അപ്‌സര തിയേറ്ററിന് സമീപം പ്രതിഷേധം നടത്തുമെന്ന് സേന പുറത്തുവിട്ട പോസ്റ്ററില്‍ പറയുന്നു.

ചരിത്രത്തെ വളച്ചൊടിച്ച കേരളത്തില്‍ വര്‍ഗീയ വാദത്തിന് ഓശാന പാടുന്ന എമ്പുരാന്‍ സിനിമ നിരോധിക്കണമെന്നാണ് ഹനുമാന്‍ സേന പറയുന്നത്. സുപ്രീം കോടതിയെ വിധിയെ പോലും അവഗണിച്ച് ദൃശ്യം ആവിഷ്‌കരിച്ച സിനിമക്കെതിരെ സെന്‍സര്‍ ബോര്‍ഡ് നടപടി എടുക്കണമെന്നും ഹിന്ദുത്വ സംഘടന ആവശ്യപ്പെടുന്നു.

രാജ്യത്തിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി ഉപയോഗിച്ച് രാജ്യദ്രോഹത്തിന് കൂട്ട് നിന്ന മോഹന്‍ലാലിന്റെ കേണല്‍ പദവി തിരിച്ച് വാങ്ങണമെന്നും ഹനുമാന്‍ സേന പറഞ്ഞു.

എമ്പുരാനെതിരെ സൈബറിടങ്ങളില്‍ ശക്തമായ ആക്രമണം നടക്കുന്നതിനിടെയാണ് ഒരു ഹിന്ദുത്വ സംഘടന സിനിമക്കെതിരെ പരസ്യമായി പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നത്. എമ്പുരാന്റെ സംവിധായകനായ പൃഥ്വിരാജും സിനിമയിലെ പ്രധാന കഥാപാത്രമായ അബ്രാം ഖുറേഷിയായി എത്തിയ മോഹന്‍ലാലിനുമെതിരെയാണ് സംഘപരിവാര്‍ അനുകൂലികളുടെ പ്രതിഷേധം.

സിനിമ ഹിന്ദുവിരുദ്ധ അജണ്ടയുടെ ഭാഗമാണെന്നാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ പറയുന്നത്. ഇതിനുപുറമെ പൃഥ്വിരാജിനെ ജിഹാദിയായും ഹിന്ദു വിരുദ്ധനായും സംഘപരിവാര്‍ പ്രഖ്യാപിച്ചു. പൃഥ്വിരാജിന്റെ വിദേശ ബന്ധങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കണമെന്നാണ് യുവമോര്‍ച്ച ആവശ്യപ്പെട്ടത്.

മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ആരാധകരെ ചതിച്ചുവെന്നും പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറക്കിയ സിനിമയിലെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിപ്പോയെന്നുമാണ് ആര്‍.എസ്.എസ് മുഖമാസികയായ ഓര്‍ഗനൈസര്‍ പറയുന്നത്.

എന്നാല്‍ എമ്പുരാന്‍ തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. അതേസമയം സിനിമയിലെ ഉള്ളടക്കങ്ങളെ പിന്തുണക്കുന്നില്ലെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.

ഇതിനിടെ സംഘപരിവാറിന്റെ ആക്രമണത്തെ തുടര്‍ന്ന് സിനിമയിലെ ഏതാനും സീനുകളില്‍ മാറ്റം വരുത്താന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായി. സിനിമയുടെ പതിനേഴില്‍ അധികം ഭാഗങ്ങളില്‍ മാറ്റം വരുത്താനാണ് തീരുമാനം. വില്ലന്‍ കഥാപാത്രത്തിന്റെ പേര് മാറ്റുകയും ചില ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്യും.

ചിത്രത്തിന്റെ എഡിറ്റിങ്ങിന് ശേഷം എമ്പുരാന്റെ പുതിയ പതിപ്പ് വ്യാഴാഴ്ച്ചയോടെ തിയേറ്ററിലെത്തും. പ്രധാന വില്ലന്റെ ബജ്റംഗി എന്ന പേര് മാറ്റിയും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളില്‍ പലതും കട്ട് ചെയ്തുമായിരിക്കും ചിത്രം ഇനി തിയേറ്ററുകളിലെത്തുക. എമ്പുരാനില്‍ ദേശീയ ഏജന്‍സിയുമായി ബന്ധപ്പെട്ട ഭാഗങ്ങളും മ്യൂട്ട് ചെയ്യും.

Content Highlight: Hanuman Sena threatens to ‘burn Empuran’ in Kozhikode