കോഴിക്കോട്: വേദിയിലും സദസ്സിലുമായി 50 ആള്‍ പോലും തികച്ചില്ലാതെ ഹനുമാന്‍ സേനയുടെ സംസ്ഥാന സമ്മേളനം. ഹനുമാന്‍ സേനയുടെ സംസ്ഥാന സമ്മേളനത്തിനു വേദിയായ കോഴിക്കോട് മുതലക്കുളം മൈതാനത്തിലെ കാഴ്ചയാണിത്.
സ്‌റ്റേജിലും സദസ്സിലുമായി 50ല്‍ താഴെ ആളുകള്‍. ഗ്രൗണ്ടിലും സമീപത്തുമായി പത്തോളം ചാനല്‍ വണ്ടികള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ഫുട്പാത്തില്‍ കേള്‍വിക്കാരായി ഇരുപതോളം പേര്‍. ഇതിനു പുറമേ വേദിയില്‍ ഒഴിഞ്ഞു കിടക്കുന്ന നിരവധി കസേരകളും അതിനപ്പുറം കൂട്ടിയിട്ടിരിക്കുന്ന അതിലേറെ കസേരകളും.
ജനങ്ങള്‍ക്കിടയില്‍ ഒരു വേരുമില്ലാത്ത ക്രിമിനല്‍ കൂട്ടം മാത്രമാണ് ഹനുമാന്‍ സേനയെന്നു വ്യക്തമാക്കുന്നതായിരുന്നു സംസ്ഥാന സമ്മേളനത്തിലെ സദസ്സ്.
സംസ്ഥാന സമ്മേളന ദിനത്തില്‍ “ഘര്‍ വാപസി” നടത്തിയെന്നും ഹനുമാന്‍ സേന അവകാശപ്പെടുന്നുണ്ട്. 25 പേരെ മതംമാറ്റിയെന്നാണ് ഇവരുടെ അവകാശവാദം.
അങ്കമാലിയിലെ മഞ്ഞപ്ര സ്വദേശി ജിതേഷും ഭാര്യ എബീനയും മരുമക്കളും സ്വാമി ശാന്താനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ ഹിന്ദുമതം സ്വീകരിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ മതംമാറിയവരെക്കുറിച്ച് വ്യക്തമായ വിവരം മാധ്യമങ്ങള്‍ക്കു നല്‍കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.
ചുംബന സമരക്കാരെ നഗ്നരായി നടത്തിക്കും എന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയതിലൂടെയാണ് ഹനുമാന്‍ സേന വാര്‍ത്തകളില്‍ ഇടം നേടിയത്. വിരലിലെണ്ണാവുന്നത്ര അംഗബലമുള്ള ഇവരുടെ ആക്രമണത്തില്‍ നിന്നു രക്ഷിക്കാന്‍ എന്നു പറഞ്ഞാണ് നേരത്തെ ചുംബനസമര പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തത്.
പത്തില്‍ താഴെ ആളുകളാണ് ചുംബനസമരത്തിനെതിരെ രംഗത്തുവന്ന ഹനുമാന്‍ സേനക്കൂട്ടത്തിലുണ്ടായിരുന്നത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിവരെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.