| Monday, 30th May 2016, 8:38 am

ഗുണ്ടാ പിരിവ്; കോഴിക്കോട് ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് പാലാഴി ഹൈലൈറ്റ് മാളിന് സമീപം കെട്ടിട നിര്‍മാണ കരാറുകാരനെ ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് നടത്തിയ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഹനുമാന്‍സേന ജില്ലാ സെക്രട്ടറിയടക്കം നാല് പ്രവര്‍ത്തകരെയാണ് നല്ലളം പൊലീസ് പിടികൂടിയത്.

ജില്ലാ സെക്രട്ടറി ബേപ്പൂര്‍ കരുവന്‍തറ ദിജില്‍ദാസ്(27), നോര്‍ത്ത ബേപ്പൂര്‍ കച്ചാട്ട് വീട്ടില്‍ വിബീഷ്(27), ബേപ്പൂര്‍ നടുവട്ടം സ്വദേശി തേറമ്പാട്ടില്‍ അനൂപ്(24), ഗുരുവായൂരപ്പന്‍ കോളജിനു സമീപത്തുള്ള നരീക്കര വീട്ടില്‍ ബൈജു(36) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ 24നും 26നുമാണ് സംഭവം. 24ാം തിയ്യതി നാലു പ്രതികളും ചേര്‍ന്ന് ഹൈലൈറ്റിന് മാളിനോടനുബന്ധമായി നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന കരാറുകാരനെ ഭീഷണിപ്പെടുത്തുകയും 50000 രൂപ തട്ടിയെടുക്കുകയും ചെയ്തത്. ഇതിന് ശേഷം ഇരുപത്തിയാറാം തിയ്യതി വീണ്ടുമെത്തിയ സംഘം ഒരു ലക്ഷം രൂപ ആവ്ശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ പണി മുടക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പ്രതികളെ കോഴിക്കോട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

കഴിഞ്ഞയാഴ്ച എറണാകുളത്ത് ഭീഷണിപ്പെടുത്തി പണം അപഹരിച്ചതിന് ഹനുമാന്‍ സേന പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇടക്കൊച്ചി മണപ്പുറത്ത് വീട്ടില്‍ സനല്‍ എന്നയാളാണ് പിടിയിലായിരുന്നത്.

We use cookies to give you the best possible experience. Learn more