| Friday, 20th November 2015, 3:20 pm

ചുംബനസമരത്തെ പിന്തുണച്ചവര്‍ മാപ്പുപറയണം, സമരത്തെ വെള്ളപൂശുന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഹനുമാന്‍സേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ചുംബന സമര സംഘാടകര്‍ക്കെതിരെ ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളും തെളിവുകളും നേരത്തെ തന്നെ പോലീസിനേയും മാധ്യമങ്ങളേയും അറിയിച്ചിരുന്നതാണെന്ന് ഹനുമാന്‍ സേന.

കൊച്ചിയില്‍ ചുംബനസമരത്തിന് തുടക്കമിട്ട രാഹുല്‍ പശുപാലിനെ കുറിച്ചും രശ്മിയെ കുറിച്ചുമുള്ള വിവരങ്ങള്‍ പോലീസിന് നേരത്തെ കൈമാറിയിട്ടും അവര്‍ അന്വേഷണത്തിന് തയ്യാറായില്ല.

ചുംബന സമര നേതാക്കള്‍ക്ക് സെക്‌സ് റാക്കറ്റുമായും തീവ്രവാദ സംഘടനകളുമായും ബന്ധമുണ്ടെന്ന കാര്യവും ചൂണ്ടിക്കാണിച്ചിരുന്നെന്നും ഹനുമാന്‍ സേന നേതാക്കള്‍ പറഞ്ഞു.

കോഴിക്കോട് ചുംബന സമരം നടത്തിയ സംഘാടകര്‍ക്കെതിരെയും അന്വേഷണം നടത്തണം. ലൗജിഹാദുമായി ചുംബനസമര നേതാക്കള്‍ക്കുള്ള ബന്ധം പോലീസ് അന്വേഷിക്കണം

ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് തലവനായ അക്ബര്‍ വിദേശത്തേക്ക് കൊണ്ടു പോയ പെണ്‍കുട്ടികള്‍ ലൗജിഹാദിന്റെ ഇരകളാണ്. പോലീസിന് ഇക്കാര്യത്തില്‍ വിവരമുണ്ടായിട്ടും പുറത്ത് വിടാത്തത് ശരിയല്ല.

കോഴിക്കോട് ചുംബന സമരം നടക്കുന്നതിന്റെ തലേദിവസം പരസ്യമായി ഇവരെ പിന്തുണയ്ക്കുകയും അവിടെ തങ്ങുകയും ചെയ്തസംസ്ഥാനത്തിന്റെ പല ഭാഗത്തുള്ള എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ നേതാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ഹനുമാന്‍ സേന ആവശ്യപ്പെട്ടു.

എസ്.എഫ്.ഐ വനിതാ നേതാവാണ് കൊച്ചിയിലും കോഴിക്കോടും ചുംബനസമരത്തിന് നേതൃത്വം നല്‍കിയത്. ചുംബനസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അണികളെ തെരുവിലിറക്കിയ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എം.ബി രാജേഷ് എം.പിയും ചുംബന സമരക്കാരെ വെള്ള പൂശിയവി.ടി ബല്‍റാം എം.എല്‍.എയും മാധ്യമ പ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസും പൊതുസമൂഹത്തോട് മാപ്പുപറയണം.

പശുപാലിനേയും രശ്മിയേയും മാത്രം കുറ്റക്കാരാക്കി വീണ്ടും ഇത്തരം സമരമാര്‍ഗം തുടരാന്‍ ശ്രമിച്ചാല്‍എന്ത് വില കൊടുത്തും ഇതിനെ പ്രതിരോധിക്കുമെന്നും ഹനുമാന്‍സേന വ്യക്തമാക്കി.

ചുംബനസമരത്തെവെള്ളപൂശുന്ന ദീദി ദാമോദരന്റെ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഹനുമാന്‍ സേന പറഞ്ഞു.

ഹനുമാന്‍ സേനസംസ്ഥാന ചെയര്‍മാന്‍ എം.എം ഭക്തവത്സലന്‍, ജനറല്‍ സെക്രട്ടറി സി. വിനോദ്, എം.എസ് സനല്‍,കൃഷ്ണ കുമാര്‍തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

We use cookies to give you the best possible experience. Learn more