പ്രഭാസ്, കൃതി സനണ്‍, സെയ്ഫ് അലി ഖാന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് റിലീസ് ചെയ്തിരിക്കുകയാണ്. രാമായണം ആസ്പദമാക്കി ഒരുക്കിയ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.
ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഹനുമാനായി സീറ്റ് ഒഴിച്ചിടുമെന്ന നിര്‍മാതാക്കളുടെ പ്രഖ്യാപനം ശ്രദ്ധ നേടിയിരുന്നു. പിന്നാലെ ഈ സീറ്റുകള്‍ ഒഴിവായി കിടക്കില്ലെന്നും ഹനുമാന്റെ പ്രതിമയോ ചിത്രങ്ങളോ വെക്കുമെന്നും ചിത്രത്തോട് അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞിരുന്നു. ഈ സീറ്റുകളില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുമെന്നും മുന്‍നിരയിലായിരിക്കും ഹനുമാന്റെ സ്ഥാനമെന്നും തിയേറ്ററുകാരും പ്രതികരിച്ചിരുന്നു.
ജൂണ്‍ 16ന് ആദിപുരുഷ് റിലീസ് ചെയ്തതോടെ തിയേറ്ററുകളിലെ സീറ്റില്‍ വെച്ചിരിക്കുന്ന ഹനുമാന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറവാവുകയാണ്. ചിത്രത്തിന് ചുവടെ പൂക്കളും സീറ്റില്‍ കാവി നിറത്തിലുള്ള തുണിയും വെച്ചിട്ടുണ്ട്.
അതേസമയം ആദ്യ ഷോകള്‍ കഴിയുമ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ബിലോ ആവറേജാണെന്നും വി.എഫ്.എക്‌സ് കാര്‍ട്ടൂണ്‍ ലെവലാണെന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്. ഓം റൗട്ടിന്റെ സംവിധാനത്തിനെതിരെയും വിമര്‍ശനങ്ങളുണ്ട്.
500 കോടിയിലധികം ചെലവഴിച്ചാണ് ചിത്രം നിര്‍മിച്ചത്. ടി-സീരീസ്, റെട്രോഫില്‍സ് എന്നിവയുടെ ബാനറില് ഭൂഷണ്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്, രാജേഷ് നായര് എന്നിവര് ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlight: hanuman’s photo from theatres became viral