ആദിപുരുഷില്‍ പ്രതിഷേധം ഉയര്‍ന്ന ഹനുമാന്റെ ഡയലോഗിന് മാറ്റം. എണ്ണ നിന്റെ പിതാവിന്റേത്, തീയും നിന്റെ പിതാവിന്റേത്,’ എന്ന ഹനുമാന്റെ ഡയലോഗിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായത്.
മര്യാദയില്ലാത്ത സംഭാഷണമാണ് ഇതെന്നും ഹനുമാന്‍ ഒരിക്കലും ഇത്തരത്തില്‍ സംസാരിക്കില്ലെന്നുമാണ് വിമര്‍ശനങ്ങളുയര്‍ന്നത്. ഇത് വ്യാപകമായതോടെ ഡയോലോഗിന് മാറ്റം വരുത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ മാറ്റം വരുത്തിയ ഡയലോഗാണ് ചിത്രത്തില്‍ കേള്‍പ്പിക്കുന്നത്. ‘തുണി നിന്റെ ലങ്കയിലേത്, എണ്ണയും നിന്റെ ലങ്കയിലേത്, തീയും നിന്റെ ലങ്കയിലേത്, ഈ തീ ഇനി കത്തിക്കാന്‍ പോകുന്നതും നിന്റെ ലങ്കയെ,’ എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന ഡയലോഗ്.
മനോജ് മുന്താഷിര്‍ ആണ് ചിത്രത്തിന്റെ ഡയലോഗ് റൈറ്റര്‍. സംഭാഷണങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ ഇദ്ദേഹത്തിന് വധഭീഷണി വരെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മുംബൈ പൊലീസ് മനോജ് മുന്താഷിറിന് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
നേരത്തെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മനോജ് രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള സംഭാഷണങ്ങള്‍ ഉപയോഗിച്ച് മുത്തശ്ശിമാര്‍ രാമായണ കഥ പറഞ്ഞു തന്ന ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുമാണ് താന്‍ വരുന്നതെന്നും മുമ്പ് സന്ന്യാസിമാരും എഴുത്തുകാരും ഉപയോഗിച്ച ഭാഷ തന്നെയാണ് ഇതെന്നും മനോജ് പറഞ്ഞിരുന്നു.
തങ്ങള്‍ രാമായണമല്ല നിര്‍മിച്ചതെന്നും പകരം അതില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുകയാണ് ചെയ്തതെന്നും മനോജ് പറഞ്ഞിരുന്നു. മാര്‍ക്കറ്റിങ് കിട്ടാന്‍ രാമായണമെന്ന് എളുപ്പത്തില്‍ പേരിടാമായിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ നിര്‍മിക്കുന്നത് രാമായണമല്ലെന്ന് അറിയാവുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നതെന്നും മനോജ് മുന്താഷിര്‍ പറഞ്ഞു.
Content Highlight: Hanuman’s dialogue changed after protests erupted against Adipurush