മഹാത്മാ ഗാന്ധിയെ കുറിച്ച് സംസാരിക്കുമ്പോഴും ഗോഡ്സെയെ ആരാധിക്കുന്നവർ നമുക്കിടയിലുണ്ട്: സിദ്ധരാമയ്യ
national news
മഹാത്മാ ഗാന്ധിയെ കുറിച്ച് സംസാരിക്കുമ്പോഴും ഗോഡ്സെയെ ആരാധിക്കുന്നവർ നമുക്കിടയിലുണ്ട്: സിദ്ധരാമയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th January 2024, 3:45 pm

ബെംഗളൂരു: മഹാത്മാ ഗാന്ധിയുടെ കൊലപാതകിയായ ഗോഡ്സെയുടെ പിൻഗാമികൾ സംസ്ഥാനത്തെ സമാധാനം തകർക്കുകയാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

മണ്ഡ്യയിലെ കേരഗോടു ഗ്രാമത്തിലെ 108 അടി നീളമുള്ള കൊടിമരത്തിലെ കാവിക്കൊടി നീക്കം ചെയ്യുന്നതിനെ ചൊല്ലി ബി.ജെ.പിയും ജെ.ഡി.എസും തർക്കം നടക്കുന്ന സാഹചര്യത്തിലായിരുന്നു സിദ്ധരാമയ്യയുടെ പരാമർശം.

ഹനുമാൻ പതാകയെ ചൊല്ലി പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭം രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടുകൊണ്ടാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

‘മഹാത്മാ ഗാന്ധിയെ കുറിച്ച് സംസാരിക്കുമ്പോഴും ഗോഡ്സെയെ ആരാധിക്കുന്നവർ നമുക്കിടയിലുണ്ട്.

സമാധാനം തകർക്കുന്നവർ ഗോഡ്സെയുടെ പിൻഗാമികളാണ്. സമൂഹത്തിൽ സമാധാനം ഉണ്ടാകാൻ ആളുകൾ സ്നേഹത്തോടെയും വിശ്വാസ്യതയോടെയും ജീവിക്കണം. ആരും വർഗീയ പ്രശ്നങ്ങൾ സൃഷ്ടിക്കരുത്,’ മഹാത്മാ ഗാന്ധിയുടെ ചരമ ദിനത്തിൽ അദ്ദേഹത്തിന് പ്രണാമം നേർന്നുകൊണ്ട് സിദ്ധരാമയ്യ പറഞ്ഞു.

കേരഗോടു പഞ്ചായത്തിൽ ത്രിവർണ പതാക ഉയർത്താൻ മാത്രമേ അനുവാദമുള്ളൂ എന്നും മത, രാഷ്ട്രീയ പതാകകൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരഗോടു പഞ്ചായത്തിൽ ബി.ജെ.പി, ജെ.ഡി.എസ് അംഗങ്ങൾ ഉൾപ്പെടെ ചേർന്ന് ഹനുമാൻ പതാക സ്ഥാപിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയരുകയും ജില്ലാ ഭരണകൂടത്തിന്റെ പക്കൽ പരാതിയെത്തുകയും ചെയ്ത സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത്‌ അധികൃതരോട് പതാക നീക്കം ചെയ്യുവാൻ നിർദേശം നൽകി.

പഞ്ചായത്തിൽ പരിപാടി സംഘടിപ്പിച്ച ആളുകൾ ‘ഹനുമാൻ ധ്വജ’ പതാക മാറ്റി പിന്നീട് ദേശീയ പതാക സ്ഥാപിച്ചിരുന്നു.

എന്നാൽ ഹനുമാൻ പതാക പുനസ്ഥാപിക്കണം എന്നാവശ്യവുമായി പ്രദേശത്ത് സംഘർഷം നടക്കുകയാണ്.

Content Highlight: Hanuman flag row: CM Siddaramaiah says Godse’s ‘descendants’ are disturbing peace