ഹനുമാന്‍ ചാലിസ വിവാദം: രാജ്യദ്രോഹക്കേസില്‍ ജാമ്യം നേടി എം.പി നവ്‌നീത് റാണയും എം.എല്‍.എ രവി റാണയും
national news
ഹനുമാന്‍ ചാലിസ വിവാദം: രാജ്യദ്രോഹക്കേസില്‍ ജാമ്യം നേടി എം.പി നവ്‌നീത് റാണയും എം.എല്‍.എ രവി റാണയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th May 2022, 2:28 pm

മുംബൈ: മഹാരാഷ്ട്ര എം.പി നവ്നീത് റാണ, ഭര്‍ത്താവും എം.എല്‍.എയുമായ രവി റാണ എന്നിവര്‍ക്ക് രാജ്യദ്രോഹക്കുറ്റത്തില്‍ ജാമ്യം അനുവദിച്ച് കോടതി. 50,000 രൂപ ബോണ്ടിലും ആള്‍ജാമ്യത്തിലുമാണ് ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും ഇരുവരേയും കോടതി വിലക്കിയിട്ടുണ്ട്. ജാമ്യ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി പറഞ്ഞു.

മുംബൈ പ്രത്യേക കോടതിയുടേതാണ് വിധി. ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും ബുധനാഴ്ച ജയില്‍ മോചിതരാകും. ശനിയാഴ്ചയായിരുന്നു ഇരുവരുടേയും ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്.

തങ്ങളുടെ പ്രഖ്യാപനം ജനുപിന്തുണ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും ആക്രമം പ്രോത്സാഹിപ്പിക്കാനല്ലെന്നുമാണ് പ്രതികള്‍ കോടതിയോട് പറഞ്ഞത്. പൊലീസിന്റെ നോട്ടീസ് ലഭിച്ച ശേഷം പ്രസ്താവന പിന്‍വലിച്ചിരുന്നുവെന്നും എന്നാല്‍ തങ്ങളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഇരുവരും ആരോപിച്ചു.

ജാമ്യം ലഭിച്ചെങ്കിലും അന്വേഷണവുമായി സഹകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചാല്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നും കോടതി ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കി. ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിന് മുന്‍പായി ഇരുവര്‍ക്കും നോട്ടീസ് നല്‍കണമെന്ന് കോടതി പൊലീസിനോട് പറഞ്ഞു. രാജ്യദ്രോഹത്തിന് പുറമെ ക്രമസാമാധം പാലിക്കാതിരുന്നതിനും, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമം നടത്തിയതിനുമായിരുന്നു വിവിധ വകുപ്പുകള്‍ പ്രകാരം ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിക്ക് മുന്‍പില്‍ ഹനുമാന്‍ ചാലിസ ചൊല്ലി വര്‍ഗീയ സംഘര്‍ഷമുണ്ടാകാന്‍ ശ്രമിച്ച സംഭവത്തില്‍ ഏപ്രിലില്‍ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് ആറ് വരെയായിരുന്നു ഇരുവരുടേയും കസ്റ്റഡി കാലാവധി. പള്ളികളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് തടയാന്‍ കഴിയാത്ത മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം എന്ന നിലയ്ക്കാണ് ഇവര്‍ ഉദ്ധവിന്റെ വസതിയ്ക്ക് മുന്നിലെത്തി ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ചത്.

ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീക്ക് മുന്‍പില്‍ ഹനുമാന്‍ ചാലിസ ജപിക്കുമെന്നായിരുന്നു ഇരുവരുടേയും വെല്ലുവിളി. ഹനുമാന്‍ ചലീസ ചൊല്ലാനുള്ള തീരുമാനത്തിന് പിന്നാലെ മുംബൈയിലെ ഇവരുടെ അപ്പാര്‍ട്ടമെന്റിന് മുന്‍പില്‍ പ്രതിഷേധവുമായി ശിവസേന പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ബാരിക്കേഡ് തകര്‍ത്ത് പ്രതിഷേധക്കാര്‍ അകത്തുകടക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

 

Content Highlight: Hanuman Chalisa row: MP Navneet Rana, MLA husband Ravi get bail in sedition case