കര്‍ഷക സമരത്തില്‍ കേന്ദ്രത്തിന് വീണ്ടും തിരിച്ചടി; സഖ്യകക്ഷിയായ ലോക് താന്ത്രിക് നേതാവ് മൂന്ന് പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്ന് രാജിവെച്ചു
farmers protest
കര്‍ഷക സമരത്തില്‍ കേന്ദ്രത്തിന് വീണ്ടും തിരിച്ചടി; സഖ്യകക്ഷിയായ ലോക് താന്ത്രിക് നേതാവ് മൂന്ന് പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്ന് രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th December 2020, 8:25 pm

കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്നും രാജിവെച്ച് രാജസ്ഥാന്‍ നഗൗര്‍ എം.പിയും രാഷ്ട്രീയ ലോക് താന്ത്രിക് നേതാവുമായ ഹനുമാന്‍ ബെനിവാള്‍.

കര്‍ഷകസമരവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതിനാലാണ് രാജിവെച്ചൊഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ രാജികത്ത് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് നല്‍കിയതായും ബെനിവാള്‍ പറഞ്ഞു.

അംഗമായിരുന്ന എല്ലാ പാര്‍ലമെന്ററി കമ്മിറ്റികളിലും ജനങ്ങള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു നടപടിയും എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതില്‍ സങ്കടമുണ്ട്. ഈ പശ്ചാത്തലത്തില്‍ പാര്‍ലമെന്ററി കമ്മിറ്റികള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ല, ബെനിവാള്‍ പറഞ്ഞു.

നേരത്തെയും കര്‍ഷകസമരവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ ബെനിവാള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. കാര്‍ഷിക ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുമ്പോള്‍ താനില്ലായിരുന്നെന്നും ഉണ്ടായിരുന്നെങ്കില്‍ ബില്‍ കീറിയെറിഞ്ഞേനേയെന്നും ബെനിവാള്‍ പറഞ്ഞിരുന്നു.

ഫാം ബില്ലുകള്‍ പാസാക്കിയപ്പോള്‍ ഞാന്‍ ലോക്സഭയില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍, എന്‍.ഡി.എയുടെ ഭാഗമായിരുന്നിട്ടും ശിരോമണി അകാലിദളിനെപ്പോലെ ഞാന്‍ അതിനെ എതിര്‍ക്കുമായിരുന്നു, ബില്ലുകള്‍ കീറിക്കളഞ്ഞേനേ’, ബെനിവാള്‍ പറഞ്ഞു.

നിലവില്‍ എന്‍ഡിഎയുമായി സഖ്യത്തിലാണ് ആര്‍.എല്‍.പി. കര്‍ഷകനിയമം പിന്‍വലിച്ചില്ലെങ്കില്‍ എന്‍.ഡി.എയില്‍ നിന്ന് പുറത്തുപോകുമെന്നും ആര്‍.എല്‍.പി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Hanuman Beniwal Quits Parliamentary Committee