എന്‍.ഡി.എയില്‍ തുടരണോ വേണ്ടയോ എന്ന് ഇന്ന് തീരുമാനിക്കും; ദല്‍ഹി- ജയ്പൂര്‍ അതിര്‍ത്തിയിലേക്ക് കര്‍ഷക മാര്‍ച്ച് നടത്തി ലോക് താന്ത്രിക് നേതാവ് ഹനുമാന്‍ ബെനിവാള്‍
ന്യൂദല്‍ഹി: കര്‍ഷകസമരത്തെ പിന്തുണച്ച് ലോക് താന്ത്രിക് നേതാവ് ഹനുമാന്‍ ബെനിവാള്‍. നൂറുകണക്കിന് കര്‍ഷകരുമായി ദല്‍ഹി-ജയ്പൂര്‍ ദേശീയ പാതയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയാണ് അദ്ദേഹം പിന്തുണയറിയിച്ചത്.
എന്‍.ഡി.എയില്‍ തുടരണോ വേണ്ടയോ എന്ന കാര്യം ഇന്ന് തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.
‘എന്‍.ഡി.എയില്‍ സഖ്യകക്ഷിയായി തുടരണമോ അതോ പുറത്തുപോകണോ എന്ന കാര്യം ഇന്ന് തീരുമാനിക്കും. ഷാജഹാന്‍പൂരില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം മാധ്യമങ്ങളെ അറിയിക്കും’, ബെനിവാള്‍ പറഞ്ഞു.
നേരത്തെ കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്നും അദ്ദേഹം രാജിവെച്ചിരുന്നു. കര്‍ഷകസമരവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാത്തതിനാലാണ് രാജിവെച്ചൊഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മുമ്പും കര്‍ഷകസമരവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ ബെനിവാള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. കാര്‍ഷിക ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുമ്പോള്‍ താനില്ലായിരുന്നെന്നും ഉണ്ടായിരുന്നെങ്കില്‍ ബില്‍ കീറിയെറിഞ്ഞേനേയെന്നും ബെനിവാള്‍ പറഞ്ഞിരുന്നു.
അതേസമയംകാര്‍ഷിക നിയമം പിന്‍വലിക്കുന്നതില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. കഴിഞ്ഞ ദിവസം പഞ്ചാബിലെ ഭാഗ്‌വാരയിലെ ഹോട്ടലില്‍ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ജന്മദിനാഘോഷങ്ങള്‍ക്കായെത്തിയ ബി.ജെ.പി നേതാക്കളെ കര്‍ഷക സംഘടനകള്‍ ഖരാവോ ചെയ്തിരുന്നു.
ഹോട്ടലിന് മുന്നില്‍ തടിച്ചുകൂടി കര്‍ഷകര്‍ നേതാക്കളെ ഹോട്ടലിന് പുറത്തേക്ക് വിടില്ലെന്ന് പറഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ഭാരതി കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
അതേസമയം കര്‍ഷക സമരം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ഷകര്‍ക്കായുള്ള പുതിയ ധനസഹായ പാക്കേജായ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി വഴി രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്കായി 18000 കോടി രൂപയാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.
കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകളൊന്നും വിജയിക്കാതെ വന്നതോടെയാണ് കിസാന്‍ സമ്മാന്‍ നിധിയിലൂടെ കര്‍ഷകര്‍ക്ക് ധനസഹായം എത്തിക്കാനുള്ള പുതിയ നീക്കവുമായി കേന്ദ്രം രംഗത്തെത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക