|

എന്നെ ആരും ടെസ്റ്റ് ടീമിലേക്ക് വിളിച്ചില്ല; വെളിപ്പെടുത്തലുമായി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചു സമനിലയാണ് ഇപ്പോള്‍.

ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിരവധി മാറ്റങ്ങളാണ് ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ തന്നെ ടീമില്‍ എടുക്കാത്തതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ താരം ഹനുമ വിഹാരി.

ഇന്ത്യയ്ക്ക് ഒപ്പമുള്ള തന്റെ അവസാന ടെസ്റ്റിന് ശേഷം തന്നെ ടീമിലെടുക്കാന്‍ ആരും ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിഹാരി വെളിപ്പെടുത്തിയത്. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയിലൂടെ പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍ താരം.

‘അടുത്തിടെ ആരും എന്നോട് കൂടുതല്‍ ഒന്നും സംസാരിച്ചിട്ടില്ല. എന്നാല്‍ എന്റെ അവസാന ടെസ്റ്റ് മത്സരത്തിനുശേഷം രാഹുല്‍ ദ്രാവിഡ് എന്നോട് സംസാരിച്ചു. എന്റെ പ്രകടനങ്ങള്‍ മെച്ചപ്പെടുത്താന്‍ എന്ത് ചെയ്യാന്‍ സാധിക്കും എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

എന്നാല്‍ ഇതിനുശേഷം ആരും എന്നോട് കൂടുതല്‍ സംസാരിച്ചിട്ടില്ല. പക്ഷേ ഞാന്‍ എന്റെ കളി മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും എന്റെ ലക്ഷ്യങ്ങളെ കുറിച്ചും ധാരാളം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ടീമിന്റെ മിഡില്‍ ഓർഡറിൽ ഞാന്‍ എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ വിഹാരി പറഞ്ഞു.

2018ല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറിയ ഹനുമ വിഹാരി 16 മത്സരങ്ങളില്‍ 28 ഇന്നിങ്‌സുകളില്‍ നിന്നും 839 റണ്‍സാണ് നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറിയുമാണ് വിഹാരിയുടെ അക്കൗണ്ടിലുള്ളത്.

ഫെബ്രുവരി 15 മുതലാണ് മൂന്നാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Hanuma Vihari talks about Indian test squad selection.

Video Stories