| Thursday, 2nd February 2023, 7:49 pm

ക്രിക്കറ്റ് ബാറ്റ് വാളാക്കി വിഹാരി; ഒറ്റക്കൈ കൊണ്ട് റിവേഴ്‌സ് സ്വീപ്പും മാരക ഷോട്ടുകളും; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ താരം ഹനുമ വിഹാരിയുടെ അസാമാന്യ മനക്കരുത്തായിരുന്നു കഴിഞ്ഞ ദിവസം ചര്‍ച്ചയായത്. ഒടിഞ്ഞ കയ്യുമായി ബാറ്റ് വീശിയായിരുന്നു രഞ്ജിയില്‍ താരം സ്വന്തം ടീമിനെ മുമ്പില്‍ നിന്നും നയിച്ചത്.

രഞ്ജിയില്‍ ആന്ധ്രാപ്രദേശും മധ്യപ്രദേശും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു ആന്ധ്രയുടെ നായകന്‍ കൂടിയായ വിഹാരിയുടെ കൈക്ക് പരിക്കേറ്റത്. ആവേശ് ഖാന്റെ ഡെലിവെറി കൈത്തണ്ടയില്‍ കൊണ്ട് ചെറിയ തോതിലുള്ള പൊട്ടലുണ്ടാവുകയായിരുന്നു.

ഇതോടെ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയ താരം പത്താമനായി തിരികെ ക്രീസിലെത്തുകയും ഒടിഞ്ഞ കൈ ഉപയോഗിച്ച് ഇന്നിങ്‌സ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഇടതുകൈത്തണ്ടയ്ക്ക് പരിക്കേറ്റത് കാരണം കൃത്യമായി ബാറ്റ് പിടിക്കാന്‍ പോലും വിഹാരിക്ക് സാധിച്ചിരുന്നില്ല. ഇക്കാരണം കൊണ്ടുതന്നെ റ്റൈ് ഹാന്‍ഡറായ വിഹാരി ഇടം കയ്യനായാണ് ഇന്നിങ്സ് പൂര്‍ത്തിയാക്കിയത്.

അവസാന വിക്കറ്റില്‍ 26 റണ്‍സിന്റെ കൂട്ടുകെട്ടും വിഹാരി പടുത്തുയര്‍ത്തിയിരുന്നു. ഒടുവില്‍ 57 പന്തില്‍ നിന്നും 27 റണ്‍സുമായി നില്‍ക്കവെ സാരാംശ് ജെയ്‌നിന്റെ പന്തിലായിരുന്നു വിഹാരി പുറത്തായത്.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലും താരം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നു. നാച്ചുറല്‍ പൊസിഷനായ വണ്‍ ഡൗണില്‍ നിന്നും മാറി പത്താമനായാണ് വിഹാരി കളത്തിലെത്തിയത്.

ഒരു കൈ ഇല്ലെങ്കില്‍ കൂടിയും ബൗളറെ ആക്രമിച്ചു കളിക്കുകയായിരുന്നു താരം. വലം കൈ കൊണ്ട് ബാറ്റ് വാളുപോലെ വീശി സ്‌കോര്‍ കണ്ടെത്തിയ വിഹാരി ഒറ്റക്കൈ കൊണ്ട് റിവേഴ്‌സ് സ്വീപ് അടക്കമുള്ള ഷോട്ടുകളും കളിച്ചിരുന്നു.

16 പന്തില്‍ നിന്നും 15 റണ്‍സാണ് വിഹാരി രണ്ടാം ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്. ഇത്തവണയും സാരാംശ് ജെയ്ന്‍ തന്നെയായിരുന്നു വിഹാരിയെ മടക്കിയത്.

ആദ്യ ഇന്നിങ്‌സിലെ പ്രകടനത്തിന്റെ ഏഴയലത്ത് പോലും എത്താന്‍ രണ്ടാം ഇന്നിങ്‌സില്‍ ആന്ധ്രക്ക് സാധിച്ചിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ 379 റണ്‍സ് നേടിയ ആന്ധ്ര രണ്ടാം ഇന്നിങ്‌സില്‍ 93ന് ഓള്‍ ഔട്ടായി. 35 റണ്‍സ് നേടിയ അശ്വിന്‍ ഹെബ്ബാറാണ് ആന്ധ്രയുടെ ടോപ് സ്‌കോറര്‍.

ആദ്യ ഇന്നിങ്‌സില്‍ മധ്യപ്രദേശ് 228 റണ്‍സായിരുന്നു നേടിയത്. ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങേണ്ടി വന്നതിന്റെ സകല ക്ഷീണവും രണ്ടാം ഇന്നിങ്‌സില്‍ മധ്യപ്രദേശ് ബൗളര്‍മാര്‍ എറിഞ്ഞ് തീര്‍ക്കുകയായിരുന്നു.

ആവേശ് ഖാന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗൗരവ് യാദവ് മൂന്നും കുമാര്‍ കാര്‍ത്തികേയ രണ്ടും വിക്കറ്റ് വീഴ്ത്തി. സാരാംശ് ജെയ്‌നാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ മധ്യപ്രദേശ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 58 റണ്‍സാണ് നേടിയത്. പത്ത് വിക്കറ്റും കയ്യിലിരിക്കെ മധ്യപ്രദേശിന് ഇനി വിജയിക്കാന്‍ 94 ഓവറില്‍ നിന്നും 187 റണ്‍സാണ് ആവശ്യമുള്ളത്.

Content highlight: Hanuma Vihari’s one handed batting in Andra Pradesh vs Madhya Pradesh test

We use cookies to give you the best possible experience. Learn more