| Wednesday, 1st February 2023, 3:21 pm

കയ്യൊടിഞ്ഞിട്ടും ഒറ്റക്കൈ കൊണ്ട് ബാറ്റ് ചെയ്ത് വിഹാരി; ഡെഡിക്കേഷന് ഒരു പര്യായമുണ്ടെങ്കില്‍ അത് നീ മാത്രമാണ്

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ ആന്ധ്രാപ്രദേശ് നായകന്‍ ഹനുമ വിഹാരിയുടെ അസാമാന്യ മനക്കരുത്തിനാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ കയ്യടിക്കുന്നത്. പരിക്കേറ്റിട്ടും ഒറ്റക്കൈ കൊണ്ട് ബാറ്റ് ചെയ്താണ് ആരാധകരുടെ മനം കവര്‍ന്നത്.

മധ്യപ്രദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലായിരുന്നു ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ച പ്രകടനവുമായി ഹനുമ വിഹാരി തിളങ്ങിയത്. ആന്ധ്രാ പ്രദേശിനായി മൂന്നാമനായി കളത്തിലിറങ്ങിയ വിഹാരിക്ക് തുടക്കത്തില്‍ തന്നെ പരിക്കേല്‍ക്കുകയായിരുന്നു.

ആവേശ് ഖാന്‍ എറിഞ്ഞ ഡെലിവറി താരത്തിന്റെ കയ്യില്‍ കൊള്ളുകയായിരുന്നു. ഇതോടെ ഗുരുതരമായി പരിക്കേറ്റ വിഹാരി റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. കൈത്തണ്ടക്ക് ചെറിയ തോതിലുള്ള പൊട്ടലുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പരിക്കേറ്റ് മടങ്ങിയെങ്കിലും ഒരിക്കല്‍ക്കൂടി വിഹാരി ക്രീസിലേക്ക് മടങ്ങിയെത്തി. 344ാം റണ്‍സില്‍ ആന്ധ്രാ പ്രദേശിന്റെ ഒമ്പതാം വിക്കറ്റും വീണതോടെയാണ് ക്യാപ്റ്റന്‍ ക്രീസിലേക്ക് മടങ്ങിയെത്തിയത്.

ഇടതുകൈത്തണ്ടയ്‌ക്കേറ്റ പരിക്ക് കാരണം കൃത്യമായി ബാറ്റ് പിടിക്കാന്‍ പോലും വിഹാരിക്ക് സാധിച്ചിരുന്നില്ല. ഇക്കാരണം കൊണ്ടുതന്നെ വലം കയ്യന്‍ ബാറ്ററായ വിഹാരി ഇടം കയ്യനായാണ് ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്.

പത്താം വിക്കറ്റില്‍ ലളിത് മോഹനുമായി 26 റണ്‍സിന്റെ കൂട്ടുകെട്ടാണ് വിഹാരി പടുത്തുയര്‍ത്തിയത്. ഒടുവില്‍ അവസാന വിക്കറ്റായി താരം പുറത്തായി. 57 പന്തില്‍ നിന്നും 27 റണ്‍സ് നേടി നില്‍ക്കവെ സാരാംശ് ജെയ്‌നിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടങ്ങിയായിരുന്നു വിഹാരിയുടെ മടക്കം.

പത്താം വിക്കറ്റായി വിഹാരിയും വീണതോടെ ആന്ധ്രാപ്രദേശ് 127.1 ഓവറില്‍ 379ന് പുറത്തായി. 250 പന്തില്‍ നിന്നും 149 റണ്‍സ് നേടിയ റിക്കി ഭയ്‌യും 264 പന്തില്‍ നിന്നും 110 റണ്‍സ് നേടിയ കരണ്‍ ഷിന്‍ഡേയുമാണ് ആന്ധ്രക്കായി റണ്ണടിച്ചുകൂട്ടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശിന് ഓപ്പണര്‍മാരെ നഷ്ടമായിരിക്കുകയാണ്. രണ്ടാം ദിവസം ചായക്ക് പിരിയുമ്പോള്‍ 15 ഓവറില്‍ 52ന് രണ്ട് എന്ന നിലയിലാണ് മധ്യപ്രദേശ്.

42 പന്തില്‍ നിന്നും 20 റണ്‍സ് നേടിയ യാഷ് ദുബെയുടെയും 39 പന്തില്‍ നിന്നും 22 റണ്‍സ് നേടിയ ഹിമാംശു മന്ത്രിയുടെയും വിക്കറ്റുകളാണ് മധ്യപ്രദേശിന് നഷ്ടമായത്.

Content Highlight: Hanuma Vihari bats with one hand during a Ranji Trophy match

We use cookies to give you the best possible experience. Learn more