അവന്റെ ഡിഫന്‍സ് മറികടക്കാന്‍ ബുദ്ധിമുട്ടാണ്; യുവ താരത്തെക്കുറിച്ച് പ്രശംസിച്ച് ഹാന്‍സി ഫ്‌ളിക്ക്
Sports News
അവന്റെ ഡിഫന്‍സ് മറികടക്കാന്‍ ബുദ്ധിമുട്ടാണ്; യുവ താരത്തെക്കുറിച്ച് പ്രശംസിച്ച് ഹാന്‍സി ഫ്‌ളിക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th October 2024, 5:47 pm

യുവേഫ ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബാഴ്സലോണ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്സ ബയേണ്‍ മ്യൂണിക്കിനെ പരാജയപ്പെടുത്തിയത്. റാഫിഞ്ഞയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ബാഴ്സ വമ്പന്‍ ലീഡിലെത്തിയത്.

ആദ്യ മിനിട്ട് മുതല്‍ ഗോളടിച്ച് തുടങ്ങിയ റാഫിഞ്ഞ പിന്നീട് 45ാം മിട്ടിലും 56ാം മിനിട്ടിലും ഗോള്‍ എതിരാളികളുടെ വല കുലുക്കി ഹാട്രിക്ക് ഗോള്‍ തികയ്ക്കുകയായിരുന്നു. മത്സരത്തില്‍ ബാഴ്‌സയുടെ യുവ താരമായ ലാമിന്‍ യമാല്‍ ഒരു അസിസ്റ്റ് ഗോള്‍ സ്വന്തമാക്കിയിരുന്നു. മികച്ച പ്രകടനമാണ് സീസണില്‍ ലാമിന്‍ കാഴ്ചവെക്കുന്നത്.

ഇപ്പോള്‍ താരത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബാഴ്സലോണ പരിശീലകനായ ഹാന്‍സി ഫ്‌ളിക്ക്. ആര്‍ക്കും മറക്കാനാവാത്ത പ്രകടനമാണ് അദ്ദേഹം ടീമില്‍ കാഴ്ച വെക്കുന്നത് എന്നാണ് പരിശീലകന്‍ അഭിപ്രായപ്പെടുന്നത്.

‘ബയേണിനെതിരെയുള്ള യമാലിന്റെ പ്രകടനം മനോഹരവും മികച്ചതുമായിരുന്നു. ഞാന്‍ ആഗ്രഹിച്ച ഒരു കാര്യം അല്‍ഫോണ്‍സോ ഡേവിസിനെ പ്രസ് ചെയ്യുക എന്നുള്ളതായിരുന്നു. കാരണം അദ്ദേഹം ആക്രമണം ആരംഭിച്ചാല്‍ അത് വളരെയധികം അപകടകരമാണ്. ഡേവിസിനെ പ്രസ്സ് ചെയ്യുന്ന കാര്യം വളരെ നല്ല രൂപത്തിലാണ് യമാല്‍ കൈകാര്യം ചെയ്തത്.

അവന്റെ ഡിഫന്‍സിവ് വര്‍ക്ക് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. ബയേണ്‍ താരങ്ങള്‍ യമാലിനെ വളരെയധികം സൂക്ഷിച്ചിരുന്നു. അതുതന്നെ അവന് ലഭിക്കുന്ന ഒരു ബഹുമതിയാണ്. അവന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. അതൊക്കെ ഇപ്പോള്‍ തന്നെ യമാല്‍ മറികടന്നു കഴിഞ്ഞു,’ ഫ്‌ളിക്ക് പറഞ്ഞിട്ടുള്ളത്.

മത്സരത്തില്‍ 18ാം മിനിട്ടില്‍ ഹാരി കെയിന്‍ നേടിയ ഒരു ഗോള്‍ മാത്രമാണ് ബയേണിന് ഉണ്ടായിരുന്നുള്ളൂ. ബാഴ്സയ്ക്ക് വേണ്ടി റോബര്‍ട്ട് ലെവന്‍ഡോസ്‌കി 36ാം മിനിട്ടില്‍ രണ്ടാം ഗോള്‍ ഗോളടിച്ചതോടെ ബയോണ്‍ സമ്മര്‍ദത്തില്‍ കൂപ്പ് കുത്തുകയായിരുന്നു. പിന്നീട് റാഫീഞ്ഞയുടെ സ്ട്രൈക്ക് മറികടക്കുന്നതില്‍ ടീം പരാജിതരായി.

 

Content Highlight: Hansi Flick Talking About Lamine Yamal