സ്പാനിഷ് മണ്ണിൽ ചരിത്രമെഴുതി ജർമനിക്കാരൻ; ബാഴ്സലോണയുടെ പടത്തലവന് സ്വപ്നനേട്ടം
Football
സ്പാനിഷ് മണ്ണിൽ ചരിത്രമെഴുതി ജർമനിക്കാരൻ; ബാഴ്സലോണയുടെ പടത്തലവന് സ്വപ്നനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 10th September 2024, 3:03 pm

സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയുടെ ജര്‍മന്‍ മാനേജര്‍ ഹാന്‍സി ഫ്ലിക്കിനെ  ലാ ലീഗയിലെ ഓഗസ്റ്റ് മാസത്തിലെ മികച്ച പരിശീലകനായി തെരഞ്ഞെടുത്തു. ഇതിന് പിന്നാലെ ഒരു ചരിത്രനേട്ടവും ഫ്ലിക്ക് സ്വന്തം പേരില്‍ കുറിച്ചു. സ്പാനിഷ് ലീഗില്‍ മാനേജര്‍ ഓഫ് ദി മന്ത് ആയി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ജര്‍മന്‍ പരിശീലകനെന്ന നേട്ടമാണ് ഹാന്‍സി ഫ്ലിക്ക് കൈപ്പിടിയിലാക്കിയത്.

ജര്‍മന്‍ മാനേജരുടെ കീഴില്‍ ബാഴ്‌സലോണ സ്വപ്ന തുല്യമായ മുന്നേറ്റമാണ് ഓഗസ്റ്റ് മാസത്തില്‍ കാഴ്ചവെച്ചത്. ലീഗിലെ ആദ്യ നാല് മത്സരങ്ങളും വിജയിച്ചുകൊണ്ട് 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് കറ്റാലന്മാര്‍. ലാ ലീഗയിലെ പുതിയ സീസണിലെ വലന്‍സിയ, അത്‌ലറ്റിക് ക്ലബ്ബ്, റയോ വല്ലേക്കാനോ എന്നീ ടീമുകളെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഹാന്‍സി ഫ്ലിക്കും സംഘവും കരുത്തുകാട്ടിയത്.

ഇതോടെ നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്പാനിഷ് ലീഗില്‍ ഒരു സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തുടര്‍ച്ചയായി വിജയിക്കാനും ബാഴ്സക്ക് സാധിച്ചു. ഇതിന് മുമ്പ് 2018-19 സീസണില്‍ വാല്‍വെര്‍ദെയുടെ കീഴിലായിരുന്നു ബാഴ്സ ഇത്തരത്തില്‍ ഹാട്രിക് വിജയം സ്വന്തമാക്കിയത്. പിന്നീട് വെല്ലോഡോലിഡിനെതിരെയുള്ള മത്സരത്തില്‍ ഏഴ് ഗോളുകളുടെ തകര്‍പ്പന്‍ വിജയവും സ്പാനിഷ് വമ്പന്മാര്‍ സ്വന്തമാക്കി.

സീസണ്‍ തുടങ്ങുന്നതിനു മുമ്പുള്ള പ്രീ സീസണ്‍ മത്സരങ്ങളിലും മിന്നും പ്രകടനമായിരുന്നു ബാഴ്‌സ നടത്തിയത്. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെയും ചിരവൈരികളായ റയല്‍ മാഡ്രിഡിനെയും വീഴ്ത്തിയാണ് ഹാന്‍സി ഫ്‌ളിക്കും കൂട്ടരും ലാ ലീഗയുടെ പോരാട്ടഭൂമിയിലേക്ക് കാലെടുത്തുവെച്ചത്.

എന്നാല്‍  നടന്ന ജോഹര്‍ ഗാമ്പര്‍ ട്രോഫിയില്‍ ബാഴ്‌സലോണ പരാജയപ്പെട്ടിരുന്നു. ഫ്രഞ്ച് ക്ലബ്ബ് മൊണോക്കോ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബാഴ്‌സയെ പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. നീണ്ട 12 വര്‍ഷങ്ങ്ള്‍ക്ക് ശേഷം ഇതാദ്യമായാണ് സ്പാനിഷ് വമ്പന്‍മാര്‍ക്ക് ഈ കിരീടം നഷ്ടമാവുന്നത്.

എന്നാല്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ട് സ്പാനിഷ് ലീഗില്‍ ബാഴ്‌സയെ മുന്നില്‍ നിന്നും നയിച്ചുകൊണ്ട് മിന്നും പ്രകടങ്ങളാണ് ഹാന്‍സി ഫ്ലിക്ക് നടത്തുന്നത്.

സെപ്റ്റംബര്‍ 15നാണ് ഹാന്‍സി ഫ്‌ളിക്കും സംഘവും ലാ ലീഗയിലെ തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. അഞ്ചാം സ്ഥാനക്കാരായ ജിറോണയാണ് ബാഴ്‌സയുടെ എതിരാളികള്‍. ജിറോണയുടെ തട്ടകമായ മോണ്ട്‌വില്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

Content Highlight: Hansi Flick is the First German Coach to win The Best Mnager Award of the Month in La Liga