ജർമൻ ഫുട്ബാൾ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് കോച്ച് ഹാൻസി ഫ്ലിക്കിനെ ഡി.എഫ്.ബി (ജർമൻ ഫുട്ബോൾ അസോസിയേഷൻ) പുറത്താക്കി.
കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തിൽ ജപ്പാൻ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ജർമനിയെ തോൽപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജർമൻ ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം. ജപ്പാനുമായുള്ള മത്സരത്തിന് ശേഷം ടീമിന്റെ പരിശീലകസ്ഥാനം സ്ഥാനം തുടരാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഹാൻസി ഫ്ലിക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജർമൻ ഫുട്ബോൾ അസോസിയേഷന്റെ പുറത്താക്കൽ നടപടി.
ഹാൻസി ഫ്ലിക്കിന്റെ കീഴിൽ കഴിഞ്ഞ ലോകകപ്പിൽ ഇറങ്ങിയ ജർമനി ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു അന്നും ജപ്പാനോടാണ് ടീം തോറ്റത്. ലോകകപ്പിന് ശേഷം നടന്ന ആറ് മത്സരങ്ങളിൽ നാല് കളികളിലും ജർമനി പരാജയപ്പെട്ടിരുന്നു. അതേ സമയം ഒരു വിജയവും ഒരു സമനിലയും മാത്രമാണ് ടീമിന് നേടാൻ സാധിച്ചത്.
പരിശീലകനായി ജർമനിക്കൊപ്പം 25 മത്സരങ്ങളിൽ നിന്നും 12 വിജയവും ഏഴ് തോൽവിയും ആറ് സമനിലയും ആണ് ഫ്ലിക്കിന് നേടാൻ സാധിച്ചത്.
2021ൽ ജോക്കിം ലോയുടെ പകരക്കാരനായിട്ടാണ് ഹാൻസി ഫ്ലിക്ക് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ക്ലബ്ബ് തലത്തിൽ ബയേൺ മ്യൂണിക്കിനൊപ്പം ഒന്നരവർഷക്കാലം ഫ്ലിക്ക് സേവനം നടത്തി. ആ സീസണിൽ ബയേൺ മ്യൂണിക്കിനായി ഒറ്റ സീസണിൽ ഏഴു കിരീടങ്ങൾ നേടിക്കൊടുക്കാൻ ഫ്ലിക്കിന് കഴിഞ്ഞിരുന്നു. എന്നാൽ ഈ പ്രകടനം നാഷണൽ ടീമിന് വേണ്ടി പുറത്തെടുക്കാൻ കഴിയാതെ പോയതാണ് ഫ്ലിക്കിന് തിരിച്ചടിയായത്.
2018 ലോകകപ്പിലും 2022 ലോകകപ്പിലും ജർമ്മനി ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. 2024 ൽ സ്വന്തം തട്ടകത്തിൽ വെച്ച് നടക്കുന്ന യൂറോകപ്പ് ആരംഭിക്കാൻ ഒൻപതു മാസം ബാക്കി നിൽക്കെയായിരുന്നു ജർമൻ ഫുട്ബോൾ അസോസിയേഷന്റെ ഈ തീരുമാനം. 2014 ൽ നാലാം ലോകകിരീടം ഉയർത്തിയ ജർമൻ പടയുടെ ഫുട്ബോളിലെ ആധിപത്യം മെല്ലെ മെല്ലെ നഷ്ടപ്പെട്ടിരുന്നു.
റൂഡി വോളരെയാണ് ടീം ഇടക്കാല പരിശീലകനായി നിയമിച്ചിട്ടുള്ളത്. പുതിയ പരിശീലകന്റെ കീഴിൽ ടീം മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
സെപ്റ്റംബർ 13 ന് ഫ്രാൻസിനെതിരെയാണ് ജർമനിയുടെ അടുത്ത മത്സരം.
Story Highlight: Germany national team sacked coach Hansi Flick