വിവാദമാകുന്ന ചോദ്യമുണ്ടാകുമെന്ന് പറഞ്ഞിരുന്നു; ഇങ്ങനെയൊന്ന് ആകുമെന്ന് അറിഞ്ഞിരുന്നില്ല: ഹന്ന റെജി കോശി
Entertainment
വിവാദമാകുന്ന ചോദ്യമുണ്ടാകുമെന്ന് പറഞ്ഞിരുന്നു; ഇങ്ങനെയൊന്ന് ആകുമെന്ന് അറിഞ്ഞിരുന്നില്ല: ഹന്ന റെജി കോശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th June 2024, 8:30 pm

ഡി.എന്‍.എയെന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ നടി ഹന്ന റെജി കോശിയോട് ഒരു യൂട്യൂബ് ചാനലിലെ അവതാരക മോശമായി പെരുമാറിയിരുന്നു. പിന്നാലെ അത് വലിയ ചര്‍ച്ചയുമായിരുന്നു. സിനിമയില്‍ അവസരം കിട്ടാന്‍ ആരുടെയെങ്കിലും കൂടെ കിടന്നിട്ടുണ്ടോ എന്നായിരുന്നു ഹന്നയോട് അവതാരക ചോദിച്ചത്. പിന്നാലെ താരം അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

തങ്ങളോട് അവര്‍ ആദ്യമേ തന്നെ വിവാദമായ ചോദ്യം ചോദിക്കുമെന്ന് പറഞ്ഞിരുന്നുവെന്ന് പറയുകയാണ് ഹന്ന. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. എന്നാല്‍ എന്താണ് ആ ചോദ്യമെന്ന് പറഞ്ഞിരുന്നില്ലെന്നും ഹന്ന കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയൊരു ചോദ്യമാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഉറപ്പായും പറ്റില്ലെന്ന് പറയുമായിരുന്നുവെന്നും താരം വ്യക്തമാക്കി.

‘നമ്മള്‍ ഒരു ദിവസം പത്ത് പന്ത്രണ്ട് ഇന്റര്‍വ്യൂകള്‍ കൊടുക്കുന്നുണ്ട്. ഞങ്ങളോട് അവര്‍ ആദ്യം തന്നെ കോണ്‍ട്രവേര്‍ഷ്യലായ ചോദ്യം ചോദിക്കുമെന്ന കാര്യം പറഞ്ഞിരുന്നു. എന്താണ് ആ ചോദ്യമെന്ന് പറഞ്ഞിരുന്നില്ല. ഇങ്ങനെയൊരു ചോദ്യമാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഉറപ്പായും പറ്റില്ലെന്ന് പറയുമായിരുന്നു. അത് ഫില്‍ട്ടറ് ചെയ്‌തേനെ,’ ഹന്ന റെജി കോശി പറഞ്ഞു.

അവതാരക ഹന്നയോട് ഈ ചോദ്യം ചോദിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നത് നടന്‍ അഷ്‌ക്കര്‍ സൗദാനായിരുന്നു. ആ ചോദ്യം ചോദിച്ചത് റെക്കോര്‍ഡ് ചെയ്യപ്പെട്ടത് കൊണ്ട് മറുപടി പറയാതിരിക്കാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നില്ലെന്നും അതുകൊണ്ടാണ് മറുപടി നല്‍കിയ ശേഷം ഇറങ്ങി പോയതെന്നും അഷ്‌ക്കര്‍ അഭിമുഖത്തില്‍ പറയുന്നു.

‘ആ ചോദ്യം ചോദിക്കുകയും അത് റെക്കോര്‍ഡ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. അങ്ങനെയുള്ളപ്പോള്‍ നമ്മള്‍ അതിന് മറുപടി പറയാതെ പോയാല്‍ അത് ശരിയാണെന്ന രീതിയിലാകും. അതുകൊണ്ട് മറുപടി പറയാതെ ഇരിക്കാന്‍ പറ്റില്ല. ആകെ പെട്ട ഒരു അവസ്ഥയിലായി. മാത്രമല്ല, ഒരു ചോദ്യം ചോദിക്കുമെന്ന് ആദ്യമേ പറഞ്ഞതുമാണ്.

ഇവര് ഒറ്റയടിക്ക് ഇങ്ങനെയൊരു ചോദ്യം ചോദിക്കുമ്പോള്‍ നമ്മള്‍ റിയാക്ട് ചെയ്യാതിരിക്കുന്നത് എങ്ങനെയാണ്. മറുപടി പറയാതിരുന്നാല്‍ അത് മറ്റൊരു രീതിയിലാകില്ലേ. അതുകൊണ്ടാണ് അതിന് മറുപടി പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് പറഞ്ഞ് ദേഷ്യപ്പെട്ടത്. മറുപടി നല്‍കിയിട്ടാണ് ഞങ്ങള്‍ ഇറങ്ങി പോകുന്നത്. അതിന് ശേഷം അവര് അതിനെ കുറിച്ച് പറയുന്ന വീഡിയോയോ മറ്റോ വന്നിട്ടുണ്ടായിരുന്നു,’ അഷ്‌ക്കര്‍ സൗദാന്‍ പറഞ്ഞു.


Content Highlight: Hannah Reji Koshy Talks About Controversial Interview