കുഞ്ഞു ഹന്നയുടെ കണ്ണുകള്‍ ഇനിയും ഈ ലോകം കാണും
Kerala
കുഞ്ഞു ഹന്നയുടെ കണ്ണുകള്‍ ഇനിയും ഈ ലോകം കാണും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th December 2012, 12:37 pm

കോട്ടയം: ഹന്നയുടെ കണ്ണുകള്‍ എന്നെന്നേക്കുമായി അടഞ്ഞെങ്കിലും അവളിലൂടെ രണ്ട് പേര്‍ ഈ ലോകം വീണ്ടും കാണും. ഹന്നയിലൂടെ ഇനി ഈ ലോകം കാണുന്നത് രണ്ട് കുരുന്നുകളാണ്.

മലയാള്‍.എഎം(malayal.am) ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ എഡിറ്ററായ സെബിന്‍ എബ്രഹാം ജേക്കബിന്റെയും അഭിഭാഷകയായ കോകില ബാബുവിന്റേയും മകളാണ് ഹന്ന. []

ജന്മനാ ഹൃദയതകരാര്‍ മൂലം ചികിത്സയിലായിരുന്ന ഹന്നയ്ക്ക് 72 മണിക്കൂര്‍ നേരത്തെ ആയുസ്സായിരുന്നു ഡോക്ടര്‍മാര്‍  പറഞ്ഞിരുന്നത്. വിധിയോടും രോഗത്തോടും പോരാടി പക്ഷേ ഹന്ന നല് വയസ്സുവരെ ജീവിച്ചു. എങ്കിലും രോഗത്തിന്റെ പാര്‍ശ്വഫലമായി ഹന്നയുടെ രണ്ട് കാലുകളും തളര്‍ന്ന് പോയിരുന്നു.

ഈ മാസം 14 ന് തന്റെ നാലാം പിറന്നാള്‍ ആഘോഷിക്കാനിരിക്കവേയാണ് ഹന്ന മരണത്തിന് കീഴടങ്ങിയത്. ഇന്നലെ പകല്‍ 11 മണിയോടെയായിരുന്നു ഹന്ന ഉറ്റവരോട് വിടപറഞ്ഞത്.

ശരീരം നീലനിറമാകുന്നതും ഇടയ്ക്കിടെയുണ്ടാകുന്ന ശ്വാസംമുട്ടലും ഹന്നയെ അലട്ടിയിരുന്നു. ഇന്നലെ പകല്‍ സ്ഥിതി കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഹന്ന ഒരിക്കലുമുണരാത്ത ഉറക്കത്തിലേക്ക് പോയിരുന്നു.

മരണം സംഭവിച്ച ഉടന്‍ തന്നെ ഹന്നയുടെ കണ്ണുകള്‍ ദാനം ചെയ്യാനുള്ള സമ്മതം മാതാപിതാക്കള്‍ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. ഉടനെ ഡോക്ടര്‍മാര്‍ എത്തി കണ്ണുകള്‍ സ്വീകരിച്ചു. ഇനി ഹന്നയുടെ കണ്ണുകള്‍ മറ്റ് രണ്ട് കുട്ടികളിലൂടെ ഈ ലോകം കാണും.

കളിചിരികളോടെ എന്നുമൊപ്പമുണ്ടായിരുന്ന തങ്ങളുടെ പ്രിയ്യപ്പെട്ട മകള്‍ ഇനിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴും കരളുറപ്പോടെ തീരുമാനമെടുത്ത പകരം വെക്കാനില്ലാത്ത മനസ്സുകളുടെ ഉടമകളായ ആ മാതാപിതാക്കള്‍ക്ക് നന്ദി പറയാം.

എഴുത്തുകാരന്‍ ബാബു കുഴിമറ്റത്തിന്റെ കൊച്ചുമകളാണ് ഹന്ന. സ്‌നിഗധയാണ് ഹന്നയുടെ സഹോദരി. തിരുവഞ്ചൂര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയിലാണ് സംസ്‌കാരം.