ഹനിയെയുടെ കൊലപാതകം; രണ്ട് മാസം മുന്‍പ് മുറിയില്‍ ബോംബ് സ്ഥാപിച്ചു; മരണം ബോംബ് സ്‌ഫോടനത്തില്‍
World
ഹനിയെയുടെ കൊലപാതകം; രണ്ട് മാസം മുന്‍പ് മുറിയില്‍ ബോംബ് സ്ഥാപിച്ചു; മരണം ബോംബ് സ്‌ഫോടനത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd August 2024, 11:45 am

ന്യൂയോര്‍ക്ക്: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയെ കൊല്ലപ്പെട്ടത് ആഴ്ച്ചകള്‍ക്ക് മുന്‍പ് ടെഹ്റാന്‍ ഗസ്റ്റ് ഹൗസില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്.

ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് പൊലീസിന്റെ (ഐ.ആര്‍.ജി.സി) സംരക്ഷണയിലുള്ള ഗസ്റ്റ് ഹൗസില്‍ രണ്ട് മാസം മുന്‍പ് രഹസ്യമായി ബോംബ് സ്ഥാപിക്കുകയായിരുന്നെന്നാണ് പശ്ചിമേഷ്യയിലെയും യു.എസ്സിലെയും ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ടെഹ്റാന്‍ സന്ദര്‍ശിക്കുന്ന വേളകളികളില്‍ ഹനിയെ സ്ഥിരമായി ഇവിടെയായിരുന്നു താമസിച്ചിരുന്നത്. ബുധനാഴ്ച ഹനിയെ മുറിയില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചതിന് ശേഷം റിമോട്ട് ഉപയോഗിച്ച് ബോംബ് പൊട്ടിക്കുകയായിരുന്നെന്നാണ് സൂചന. സ്ഫോടനത്തില്‍ ഹനിയെയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു.

ഹനിയെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഇസ്രഈല്‍ നിഷേധിക്കുകയോ ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള ഖമേനിയും ഹമാസും ഹനിയെയുടെ മരണത്തില്‍ ഇസ്രഈലിനെ കുറ്റപ്പെടുത്തുകയും പ്രതികാരം വീട്ടുമെന്ന് പറയുകയും ചെയ്തിരുന്നു.

അക്രമത്തിന് ശേഷം സ്ഫോടനത്തിന്റെ വിവരങ്ങള്‍ ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ യു.എസിനും മറ്റ് സഖ്യക്ഷികള്‍ക്കും കൈമാറിയതായി ന്യൂയോര്‍ക്ക്‌ െടൈംസ് പറയുന്നുണ്ട്. എന്നാല്‍ വാഷിങ്ടണ്‍ ഈ ആരോപണം നിഷേധിച്ചു.

അതേസമയം ഹനിയെയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്നലെ ടെഹ്റാനില്‍ പൂര്‍ത്തിയായി. ഖമേനിയാണ് പ്രാര്‍ത്ഥനാചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചത്. വിലാപയാത്രയില്‍ ഫലസ്തീന്‍ പതാകകള്‍ വീശുകയും പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്തു. ചിലര്‍ ഈസ്രഈലിന് മരണം, അമേരിക്കയ്ക്ക് മരണം എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി.

അനുശോചന യാത്രയില്‍ ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസ്ഷ്‌കിയാന്‍, ഐ.ആര്‍.ജി.സി മേധാവി ഹുസൈന്‍ സലാമി, ഹമാസ് ഡെപ്യൂട്ടി ചീഫ് ഖലീല്‍ അല്‍ ഹയ്യ എന്നിവര്‍ പങ്കെടുത്തു. ഹനിയെയുടെ മൃതദേഹം ഇന്ന് ഖത്തറിലെ വസതിയിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച്ച അടക്കം ചെയ്യും.

Content Highlight: Haniyeh killed by ‘device planted two months ago’ in Tehran guesthouse