| Saturday, 3rd August 2024, 9:46 am

ഹനിയയുടെ മരണം മിസൈൽ ആക്രമണത്തിൽ, ബോംബാക്രമണമല്ലെന്ന് ദൃക്‌സാക്ഷികൾ: റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജറുസലേം: ഹമാസ് മേധാവി ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത് ബോംബ് ആക്രമണത്തിലല്ലെന്നും മറിച്ച് അദ്ദേഹത്തിന്റെ മുറിക്ക് നേരേ നടത്തിയ മിസൈൽ ആക്രമണത്തിലാണെന്നും റിപ്പോർട്ട്. ഹനിയ ഉണ്ടായിരുന്ന ടെഹ്റാനിലെ കെട്ടിടത്തിൽ താമസിച്ചിരുന്ന മറ്റ് മൂന്ന് വ്യക്തികളെ ഉദ്ധരിച്ചുകൊണ്ട് മിഡിൽ ഈസ്റ്റ് ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒരു ബോംബ് സ്ഫോടനം കെട്ടിടത്തെ കുലുക്കുന്നതിന് മുൻപ് തന്നെ തങ്ങൾ മറ്റൊരു ശബ്ദം കേട്ടെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ദൃക്‌സാക്ഷികളിൽ ഒരാൾ ഹനിയയുടെ മുറിയുടെ അടുത്തായിരുന്നു താമസിച്ചിരുന്നത്. മിസൈൽ ശബ്ദം പോലൊരു ശബ്ദം താൻ കേട്ടെന്ന് അദ്ദേഹം പറഞ്ഞു.

‘അത് തീർച്ചയായും ഒരു മിസൈൽ ആയിരുന്നു. ബോംബ് പൊട്ടിത്തെറിക്ക് മുൻപ് ഞാൻ ആ ശബ്ദം കേട്ടതാണ്,’ ഹനിയയുടെ മുറിയുടെ സമീപത്ത് താമസിച്ചിരുന്ന വ്യക്തി പറഞ്ഞു.

ഹമാസ് നേതാവിന്റെ മരണം ബോംബ് ആക്രമണത്തെ തുടർന്നായിരുന്നെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. എന്നാൽ അവയെ തള്ളിക്കളയുന്ന റിപ്പോർട്ടാണ് ഇപ്പോൾ മിഡിൽ ഈസ്റ്റ് ഐ പുറത്ത് വിട്ടിരിക്കുന്നത്.

ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് പൊലീസിന്റെ (ഐ.ആര്‍.ജി.സി) സംരക്ഷണയിലുള്ള ഗസ്റ്റ് ഹൗസില്‍ രണ്ട് മാസം മുന്‍പ് രഹസ്യമായി ബോംബ് സ്ഥാപിക്കുകയായിരുന്നെന്നാണ് പശ്ചിമേഷ്യയിലെയും യു.എസിലേയും ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ടെഹ്റാന്‍ സന്ദര്‍ശിക്കുന്ന വേളകളികളില്‍ ഹനിയ സ്ഥിരമായി ഇവിടെയായിരുന്നു താമസിച്ചിരുന്നത്. ബുധനാഴ്ച ഹനിയ മുറിയില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചതിന് ശേഷം റിമോട്ട് ഉപയോഗിച്ച് ബോംബ് പൊട്ടിക്കുകയായിരുന്നെന്നായിരുന്നു വാർത്തകൾ. സ്ഫോടനത്തില്‍ ഹനിയയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു.

ഹനിയയും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികളും താമസിച്ചിരിന്ന കെട്ടിടം ടെഹ്റാനിലെ സദാബാദ് കൊട്ടാരത്തിന് സമീപമായിരുന്നു. മിസൈൽ ആക്രമത്തിലാണ് ഹനിയ കൊല്ലപ്പെട്ടതെന്ന് വാർത്തകൾ പുറത്ത് വരുന്നതോടെ കൊലപാതകത്തിൽ ഇസ്രഈലിനുള്ള പങ്ക് തള്ളിക്കളയാനാകില്ലെന്നാണ് മാധ്യമങ്ങൾ പറയുന്നത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇസ്രഈൽ നിഷേധിച്ചിട്ടുമില്ല. ഗസയിലെ വെടിനിർത്തലിന് വേണ്ടിയുള്ള ചർച്ചകളിൽ പ്രധാന പങ്ക് വഹിച്ച മുതിർന്ന ഹമാസ് നേതാവാണ് ഹനിയ.

ഹനിയയുടെ സംസ്‌കാരച്ചടങ്ങുകള്‍ കഴിഞ്ഞ ദിവസം ടെഹ്റാനില്‍ പൂര്‍ത്തിയായി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയാണ് പ്രാര്‍ത്ഥനാചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചത്. വിലാപയാത്രയില്‍ ഫലസ്തീന്‍ പതാകകള്‍ വീശുകയും പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്തു. ചിലര്‍ ഈസ്രഈലിന് മരണം, അമേരിക്കയ്ക്ക് മരണം എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി.

Content Highlight: Haniyeh killed by a projectile fired at his room, eyewitnesses say

We use cookies to give you the best possible experience. Learn more